പരൂര്‍ക്കുന്നില്‍ ആദിവാസികൾക്കായി 110 വീടുകള്‍ ഒരുങ്ങുന്നു
text_fieldsകൽപറ്റ: സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രമായി മേപ്പാടി പരൂര്‍ക്കുന്നിലെ പുനരധിവാസ കേന്ദ്രം. മുട്ടില്‍, മൂപ്പൈനാട്, മേപ്പാടി, കല്പറ്റ എന്നിവിടങ്ങളിലെ ഭൂരഹിതരും ഭവനരഹിതരുമായ 110 കുടുംബങ്ങള്‍ക്കാണ് പരൂര്‍ക്കുന്നില്‍ പുനരധിവാസം ഒരുങ്ങുന്നത്. ഇതില്‍ 35 വീടുകളുടെ പണി പൂര്‍ത്തിയായി. ബാക്കിയുള്ള വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. മാര്‍ച്ചില്‍ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ച് ഏപ്രിലോടെ ഗുണഭോക്താള്‍ക്ക് കൈമാറാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ആദിവാസി പുനരധിവാസ വികസന മിഷൻ (ടി.ആര്.ഡി.എം) ഫണ്ടുപയോഗിച്ച് ജില്ല മണ്ണുസംരക്ഷണ വകുപ്പാണ് മാതൃക ഭവനങ്ങള്‍ നിർമിക്കുന്നത്. 2020 ഒക്ടോബറിലാണ് ഭവന നിർമാണത്തിന് ഭരണാനുമതിയായത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയ സമുദായക്കാരാണ് ഗുണഭോക്താക്കളില്‍ ഏറെയും.477 ചതുരശ്ര അടിയിലാണ് വീടുകള്‍ നിർമിച്ചിരിക്കുന്നത്. രണ്ടു കിടപ്പുമുറികള്‍, വരാന്ത, ഹാള്‍, അടുക്കള, ശുചിമുറി, വര്‍ക് ഏരിയ എന്നിവയടങ്ങിയതാണ് വീടുകള്‍. വനംവകുപ്പ് വിട്ടുനല്‍കിയ 13.5 ഹെക്ടര്‍ ഭൂമിയിലാണ് വീടുകള്‍ നിർമിക്കുന്നത്. 250 വീടുകൾക്കുള്ള ഭൂമിയാണ് പരൂര്ക്കുന്നിലുള്ളത്. പദ്ധതിയിൽ അടുത്ത ഘട്ടത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തി വീടു നിർമിക്കാന്‍ കഴിയും.
ആറു കോടി 60 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. 4.51 കോടി രൂപ ഇതിനകം ചിലവഴിച്ചു. ഒരു വീടിനു ആറുലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്. ഗുണഭോക്താള്‍ക്ക് സ്വപ്നഭവനത്തിനു പുറമെ 10 സെന്റ് ഭൂമിയും നല്‍കുന്നുണ്ട്.അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കുടിവെള്ളം, റോഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങളും ടി.ആര്.ഡി.എം ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ചെയ്യുന്നത്. ഇതില്‍ കുടിവെള്ളത്തിനു ജല അതോറിറ്റിയില്‍നിന്ന് ഒരു കോടി 30 ലക്ഷം ചെലവില്‍ എസ്റ്റിമേറ്റായിട്ടുണ്ട്. മറ്റുള്ള പ്രവൃത്തികളും മുന്നേറുകയാണ്. ഭവനപദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ അംഗൻവാടി, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, വായനശാല, ആരോഗ്യ കേന്ദ്രം, കമ്യൂണിറ്റി ഹാള്‍, സ്വയം തൊഴില്‍ സംരംഭം എന്നിവകൂടി നിർമിക്കാനുള്ള ആലോചനയും പ്രഥമ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.