വയനാട്ടിൽ 267 എയ്ഡ്സ് രോഗികൾ
text_fieldsകൽപറ്റ: വയനാട്ടിൽ എച്ച്.ഐ.വി പോസിറ്റിവായി 267 പേർ. കഴിഞ്ഞ ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ജില്ലയില്‍ 2,698 ഗര്‍ഭിണികള്‍ അടക്കം 14,909 പേരെ എച്ച്.ഐ.വി ടെസ്റ്റിനു വിധേയമാക്കി. ഒമ്പതു പേരില്‍ എച്ച്.ഐ.വി സ്ഥിരീകരിച്ചു. ഇതില്‍ ഗര്‍ഭിണികള്‍ ഇല്ല. വയനാട്ടിലെ ആരോഗ്യവിഭാഗം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
എച്ച്.ഐ.വി ബാധിതരായ മുഴുവനാളുകള്‍ക്കും കൗണ്‍സലിങ് നല്കി ആന്റി റിട്രോ വൈറല്‍ തെറപ്പി ലഭ്യമാക്കി. ആകെയുള്ള രോഗികളിൽ 152 പേര്‍ക്ക് മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആന്റി റിട്രോ വൈറല്‍ തെറപ്പി യൂനിറ്റ് വഴിയാണ് ചികിത്സ നല്‍കുന്നത്. ബാക്കിയുള്ളവര്‍ക്ക് സമീപ ജില്ലകളിലാണ് ചികിത്സ.
എച്ച്.ഐ.വി പരിശോധനക്കും ബാധിതര്‍ക്ക് കൗണ്‍സലിങ് ഉള്‍പ്പെടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രി, കല്പറ്റ ജനറല്‍ ആശുപത്രി, ബത്തേരി താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ ഇന്റ്റഗ്രേറ്റഡ് കൗണ്‍സലിങ് ആന്‍ഡ് ടെസ്റ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എച്ച്.ഐ.വി അണുബാധ സാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് സുരക്ഷ പ്രോജക്ടുകള്‍ ജില്ലയിലുണ്ട്. െഫ്ലയിം, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി എന്നീ സന്നദ്ധ സംഘടനകളാണ് സുരക്ഷ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടത്തുന്നത്.
ലോക എയ്ഡ്സ് ദിനാചരണം
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല പരിപാടികള്‍ ഡിസംബർ ഒന്ന്, രണ്ട് തീയതികളില്‍ നടത്തുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.പി. ദിനീഷ്, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.സമീഹ സെയ്തലവി, ജില്ല എയ്ഡ്സ് നിയന്ത്രണ ഓഫിസര്‍ ഡോ. പ്രിയ സേനന്, എ.ആർ.ടി മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.ടി. ജാലിബ, ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.കെ. സലിം, ജില്ല എച്ച്.ഐ.വി-ഡി.ആർ.ടി.ബി കോഓഡിനേറ്റര്‍ വി.ജെ. ജോണ്സണ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ആരോഗ്യ വകുപ്പും ആരോഗ്യ കേരളം വയനാടും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഒന്നിനു വൈകുന്നേരം ആറിന് കല്പറ്റ എച്ച്.ഐ.എം യു.പി സ്കൂള്‍ പരിസരത്ത് ദീപം തെളിക്കും. രണ്ടിനു രാവിലെ 10ന് ബത്തേരി സെന്റ് മേരീസ് കോളജില്‍ പൊതുസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും.
എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി നേതൃത്വത്തില്‍ ജില്ലയില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.