വനമേഖലയിലെ വയലുകള്‍ സംരക്ഷിക്കാന്‍ 27 കോടിയുടെ പദ്ധതികള്‍ പരിഗണനയില്‍
text_fieldsകൽപറ്റ: 1972ല്‍ നിലവില്‍ വന്ന വനം-വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ കേരള-കർണാടക-തമിഴ്നാട് സര്‍ക്കാറുകള്‍ തീരുമാനിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രന്. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ രൂപവത്കരിച്ച ജില്ലതല സമിതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യ-വന്യജീവി സംഘര്‍ഷം, വെല്ലുവിളികള്‍ നേരിടാന്‍ അന്തര്‍ സംസ്ഥാനങ്ങളുടെ നിരന്തര സഹകരണം, കൂട്ടായ പ്രവര്‍ത്തനം, സാങ്കേതിക വൈദഗ്ധ്യങ്ങള്‍, വിവരങ്ങള്‍ എന്നിവ കൈമാറും. ഇതര സംസ്ഥാനങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മൃഗങ്ങളുടെ എണ്ണം തിട്ടപ്പെടുത്തി ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊണ്ട് കൂട്ടായി പ്രവര്‍ത്തിക്കുമെന്ന് അന്തര്‍ സംസ്ഥാന സര്‍ക്കാറുകള്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു. വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലാതല നിയന്ത്രണ സമിതി പ്രവര്‍ത്തിക്കും.
ജില്ലയുടെ ചുമതലയുള്ള മന്ത്രി അധ്യക്ഷനായും കലക്ടര്‍, ജില്ല പൊലീസ് മേധാവി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ല കൃഷി ഓഫിസര്‍, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ എന്നിവര്‍ അംഗങ്ങളായാണ് സമിതി പ്രവര്‍ത്തിക്കുക. പ്രാദേശികതല ജാഗ്രത സമിതി ശക്തിപ്പെടുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്, ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് ഓഫിസര്‍മാര്‍, ആരോഗ്യം-കൃഷി-മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ്, തഹസില്‍ദാര്‍, അംഗീകൃത സന്നദ്ധ സംഘടന പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി ജില്ലയിലെ മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. വന്യമൃഗ ശല്യം രൂക്ഷമല്ലാത്ത മേഖലകളിലെ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ നിയന്ത്രണവിധേയമായി ഘട്ടം ഘട്ടമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വനമേഖലയിലെ വയലുകള്‍ സംരക്ഷിക്കുന്നതിന് നബാര്‍ഡുമായി സഹകരിച്ച് 27 കോടി രൂപയുടെ പദ്ധതികള്‍ പരിഗണനയിലാണെന്ന് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. വന മേഖലയോട് ചേര്‍ന്നുള്ള 315 ഓളം കൃഷി സ്ഥലങ്ങള്‍ എ.ഐ കാമറ ഉപയോഗിച്ച് കണ്ടെത്തും. വനപാലകര്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ പമ്പ് ആക്ഷന്‍ തോക്കുകളും രണ്ട് ഡ്രോണ്‍ കാമറയും മാര്‍ച്ച് അവസാനത്തോടെ ലഭ്യമാകുമെന്നും യോഗത്തില്‍ അറിയിച്ചു. കല്പറ്റ, മാനന്തവാടി എന്നിവിടങ്ങളില്‍ രണ്ട് ആര്.ആര്.ടി ടീമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് ഫോറസ്റ്റ് ഡിവിഷനുകളിലായി ഇതുവരെ ലഭിച്ച അപേക്ഷകളിൽ 1.80 കോടി രൂപ നഷ്ട പരിഹാര തുക ഇനത്തില്‍ കൈമാറിയതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
കലക്ടറേറ്റ് ആസൂത്രണ ഭവന് എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഒ.ആര്. കേളു എം.എല്‍.എ, സംസ്ഥാനതല നോഡല്‍ ഓഫിസര്‍ പി. പുകഴേന്തി, ജില്ല പൊലീസ് മേധാവി ടി. നാരായണന്, ഫോറസ്റ്റ് സ്പെഷല്‍ ഓഫിസര്‍ വിജയാനന്ദന്, എ.ഡി.എം കെ. ദേവകി, സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, നോഡല്‍ ഓഫിസര്‍ കെ.എസ്. ദീപ്, ജില്ല വൈല്‍ഡ് ലൈഫ് വാര്ഡന് ദിനേശ് കുമാര്‍, വൈല്‍ഡ് ലൈഫ് സി.സി.എഫ് മുഹമ്മദ് ഷഹാബ്, ഡി.എഫ്.ഒമാരായ ഷജ്ന കരീം, മാര്ട്ടിന് ലോവല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.