പൊന്നു അമ്മയടക്കം 30,000 പേർ അക്ഷരം പഠിക്കും; മൂന്നു മാസത്തിനകം
text_fieldsകൽപറ്റ: പുസ്തകം കൈയിൽ കിട്ടിയതോടെ പൊന്നു അമ്മക്ക് സന്തോഷം അടക്കാനായില്ല. വേദിയിൽ ഉദ്ഘാടകനായ എം.എൽ.എയുടെ കുശലാന്വേഷണങ്ങൾക്ക് നിറചിരിയോടെ അവർ ഉത്തരം നൽകി.
പുസ്തകം സ്വീകരിച്ച് സദസ്സിലെത്തിയ ഉടൻ അത് മറിച്ചുനോക്കാനായിരുന്നു തിടുക്കം. അക്ഷരങ്ങളിലേക്ക് വഴിനടക്കാനുള്ള ആഗ്രഹം അത്രമേൽ ഉള്ളിലുണ്ടെന്ന് പ്രതിഫലിക്കുന്നതായിരുന്നു അവരുടെ പ്രതികരണങ്ങൾ.
കേന്ദ്രസര്‍ക്കാറിന്റെ ധനസഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന പൊതുസാക്ഷരതാ പദ്ധതിയായ പഠ്ന ലിഖ്ന അഭിയാന് ജില്ലതല ഉദ്ഘാടനം നടക്കുന്ന കൽപറ്റ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാൾ ആയിരുന്നു വേദി. പൊന്നു അമ്മയെപ്പോലെ അക്ഷരം പഠിക്കാൻ വെമ്പൽ കൊള്ളുന്ന 30,000 പഠിതാക്കളെ 2022 മാര്‍ച്ച് 31നകം സാക്ഷരരാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ടി. സിദ്ദീഖ് എം.എൽ.എ നിര്‍വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. പട്ടികജാതി-വര്‍ഗക്കാര്‍, ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ എന്നിവരെ കൂടാതെ പൊതു വിഭാഗത്തിലുള്ളവരെയും പദ്ധതിയില്‍ സാക്ഷരരാക്കും. 3000 വളന്റിയര്മാരിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദിവാസി സാക്ഷരതാ പദ്ധതിയിലെ ഇന്‍സ്ട്രക്ടര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, തുല്യതാ പഠിതാക്കള്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, പട്ടിക ജാതി-വര്‍ഗ പ്രമോട്ടര്‍മാര്‍, എന്‍.എസ്.എസ്, എന്‍.സി.സി പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് വളന്ററി ഇന്‍സ്ട്രക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത്.
ഓരോ പഞ്ചായത്തില്‍നിന്ന് 1000 മുതല്‍ 2500 വരെ പഠിതാക്കളെയാണ് ലക്ഷ്യം വെക്കുന്നത്. സാക്ഷരതാ മിഷന്റെ പാഠാവലിയാണ് പഠനത്തിന് ഉപയോഗിക്കുന്നത്. വളന്ററി ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ജനുവരി ആദ്യവാരം പഞ്ചായത്ത് തലങ്ങളില്‍ പരിശീലനം നല്‍കും. ചടങ്ങില്‍ ടി. സിദ്ദീഖ് എം.എല്‍.എ പഠ്ന ലിഖ്ന അഭിയാന് ജില്ലതല പോസ്റ്റര്‍ പ്രകാശനം ചെയ്തു.
പൊന്നു, അബ്ദുല്‍ ലത്തീഫ് എന്നീ പഠിതാക്കള്‍ക്ക് അദ്ദേഹം പാഠപുസ്തകങ്ങള്‍ നല്കി. സന്ദീപ് ചന്ദ്രന്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം. മുഹമ്മദ് ബഷീര്‍, ജുനൈദ് കൈപ്പാണി, ബീന ജോസ്, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, എ.കെ. റഫീഖ്, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഫ്സത്ത്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല, ജില്ല പഞ്ചായത്ത് മെംബര്‍ മീനാക്ഷി രാമന്, നൂൽപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ഉസ്മാന്, പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍ വര് സംസാരിച്ചു. ഷാജു ജോണ്‍ സ്വാഗതവും സ്വയ നാസര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.