മേയ് മാസത്തോടെ ജില്ലയില്‍ 600 പേര്‍ക്ക് പട്ടയം -മന്ത്രി കെ. രാജന്
text_fieldsകൽപറ്റ: മേയ് മാസത്തോടെ ജില്ലയില്‍ 600 പേര്‍ക്ക് കൂടി പട്ടയം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്. ജില്ലയില്‍ 724 പട്ടയ അപേക്ഷകളാണ് തീര്‍പ്പാക്കാനുള്ളത്. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 373, വൈത്തിരിയില്‍ 33, മാനന്തവാടിയില്‍ 318 എന്നിങ്ങനെയാണ് അപേക്ഷകള്‍.
ഇവ തീര്‍പ്പാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിൽ പരമാവധി പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന് പദ്ധതി തയാറാക്കാനും കലക്ടറേറ്റ് മിനി കോൺഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി നിർദേശം നല്കി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുടെയും പദ്ധതികളുടെയും പുരോഗതി നേരില്‍ വിലയിരുത്തുന്നതിനാണ് മന്ത്രി ജില്ലയിലെത്തിയത്.
ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും വലുതും സങ്കീര്‍ണവുമായ പ്രശ്നം പട്ടയങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ തികച്ചും വ്യത്യസ്തമായ പശ്ചാത്തലമാണ് വയനാട് ജില്ലയിലുള്ളത്. വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും പട്ടയ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം.
അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമിയുടെ കൈവശ രേഖ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് തികഞ്ഞ ജാഗ്രത വേണം. ജില്ലയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി റവന്യൂ ഓഫിസുകളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന് പൂര്‍ത്തിയാക്കിയ വയനാട് ജില്ലയെ മന്ത്രി അഭിനന്ദിച്ചു.
യോഗത്തില്‍ കലക്ടര്‍ എ. ഗീത, സബ് കലക്ടര്‍ ആര്. ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ. ഷാജു , ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ വില്ലേജില്‍ പട്ടയം ലഭിച്ച ആറു പേര്‍ക്ക് ഭൂമിയുടെ സബ്ഡിവിഷന് ചെയ്തു നല്‍കിയുള്ള രേഖ മന്ത്രി ഭൂവുടമകള്‍ക്ക് കൈമാറി.
ആറ് വില്ലേജുകള്‍ കൂടി സ്മാര്‍ട്ടാകും
കൽപറ്റ: ജില്ലയില്‍ ആറ് വില്ലേജുകള്‍ കൂടി ഉടന്‍ സ്മാര്‍ട്ടാകും. ഇവയുടെ നിർമാണം പുരോഗമിക്കുകയാണെന്ന് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി.
അഞ്ച് സ്മാര്‍ട്ട് വില്ലേജുകളുടെ പ്രവൃത്തിക്ക് റീബില്‍ഡ് കേരളയില്‍ 2.20 കോടിയുടെ പദ്ധതിയാണ് പുരോഗമിക്കുന്നത്. ഇതു കൂടാതെ നവീകരണം പൂര്‍ത്തിയായാല്‍ മൂന്ന് വില്ലേജുകള്‍ കൂടി സ്മാര്ട്ടാക്കാനാകും. 22 വില്ലേജുകള്‍ സ്മാര്‍ട്ടാക്കുന്നതിനു മുന്നോടിയായി അറ്റകുറ്റപ്പണി നടത്താനുണ്ട്.
നിലവിൽ ആറ് സ്മാർട്ട് വില്ലേജുകളാണ് ജില്ലയിലുള്ളത്. ജില്ലയിലെ എല്ലാ വില്ലേജ് ഓഫിസുകളിലെയും ഭൂരേഖ കമ്പ്യൂട്ടര്‍വത്കരണം- ബി.ടി.ആര്, തണ്ടപ്പേര് ഡിജിറ്റലൈസേഷന് പൂര്‍ത്തിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.