‘എ ഫോര്‍ ആധാര്‍’ മെഗാ കാമ്പയിന്; ആദ്യദിനം എത്തിയത് 6000 കുട്ടികള്‍
text_fieldsകൽപറ്റ: ജില്ലയിലെ അഞ്ചു വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘എ ഫോര്‍ ആധാര്‍’ ക്യാമ്പില്‍ ആദ്യ ദിനം 6000 കുട്ടികള്‍ എത്തി.
ജില്ല ഭരണകൂടത്തിന്റെയും അക്ഷയ കേന്ദ്രങ്ങളുടെയും വനിത ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കാമ്പിന്റെ ജില്ലതല ഉദ്ഘാടനം കൽപറ്റ ഗ്രാമത്തുവയല്‍ അംഗന്‍വാടിയില്‍ ജില്ല കലക്ടര്‍ ഡോ. രേണു രാജ് നിർവഹിച്ചു.
സ്കൂളില്‍ ചേര്‍ക്കുന്നതിനും സര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും അത്യന്താപേക്ഷിതമായ തിരിച്ചറിയല്‍ രേഖയായ ആധാര്‍ എടുക്കുന്നതിനായി എല്ലാവരും അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കലക്ടര്‍ പറഞ്ഞു.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് അഞ്ച് വയസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കിയെന്ന് ഉറപ്പുവരുത്തുകയാണ് കാമ്പയിന്റെ ലക്ഷ്യം. സംസ്ഥാന ഐ.ടി മിഷനാണ് പദ്ധതി കൊണ്ടുവന്നത്. ആധാര്‍ എൻറോൾമെന്റ്
പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ഇന്നുകൂടി അവസരം ലഭിക്കും. ഇതുവരെ ആധാര്‍ എടുക്കാത്ത അഞ്ചു വയസ്സുവരെയുള്ള കുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും ആധാര്‍ കാര്‍ഡ്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ആധാര്‍ എൻറോൾമെന്റ്
കേന്ദ്രങ്ങളിലെത്തണം. ഗുണഭോക്താക്കള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍ എന്നിവയുമായോ ട്രൈബല്‍ മേഖലയില്‍ ഉള്ളവര്‍ക്ക് ട്രൈബല്‍ പ്രമോട്ടര്മാരുമായും ബന്ധപ്പെടാവുന്നതാണ്. ആധാറില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള സേവനം ക്യാമ്പില്‍ ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.