എ.ബി.സി.ഡി ക്യാമ്പ്; നൽകിയത് 24,794 സേവനങ്ങള്‍
text_fieldsകൽപറ്റ: പട്ടികവര്‍ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരമൊരുക്കുന്ന എ.ബി.സി.ഡി പദ്ധതി സംസ്ഥാനതലത്തില്‍ ശ്രദ്ധനേടുന്നു. ജില്ലയിലെ ആറ് പഞ്ചായത്തുകളിലായി നടന്ന ക്യാമ്പിലൂടെ ഇതുവരെ 16,000 പേര്‍ക്ക് സേവനം ലഭിച്ചു.
വിവിധ വിഭാഗത്തില്‍പ്പെട്ട 24,794 സേവനങ്ങളാണ് ക്യാമ്പുകളിലൂടെ നല്‍കിയത്. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബറില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വന്‍ വിജയമായതോടെയാണ് മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചത്.
തൊണ്ടര്‍നാടിന് പുറമെ വൈത്തിരി, തവിഞ്ഞാല്‍, നൂല്‍പുഴ, പനമരം, നെന്‍മേനി ഗ്രാമപഞ്ചായത്തുകളില്‍ ക്യാമ്പ് നടന്നു. തൊണ്ടാര്‍നാട്-3616, വൈത്തിരി- 1543, നൂല്‍പ്പുഴ-5349, തവിഞ്ഞാല്‍-2033, പനമരം- 7692, നെന്‍മേനി- 4561 എന്നിങ്ങനെയാണ് സേവനങ്ങള്‍ ലഭിച്ചത്.
ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും നഗരസഭകളിലും വരു ദിവസങ്ങളില്‍ ക്യാമ്പുകള്‍ നടത്തുന്നതിനുളള ഒരുക്കത്തിലാണ് ജില്ല ഭരണകൂടം. അടുത്ത വര്‍ഷമാദ്യം എ.ബി.സി.ഡി ക്യാമ്പ് ജില്ലയില്‍ പൂര്‍ത്തീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആധികാരിക രേഖകളാണ് പ്രത്യേക സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കുക. വിവിധ കാരണങ്ങളാല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.