അമിത വേഗത: ലക്കിടി-കൽപറ്റ ദേശീയപാതയിൽ ഭീതിവിതച്ച് അപകടങ്ങൾ
text_fieldsകൽപറ്റ: ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാത 766ല്‍ അപകടങ്ങള്‍ പതിവാകുന്നു. ലക്കിടി മുതൽ കൽപറ്റ വരെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പൊലിഞ്ഞത് നിരവധി ജീവൻ.
ദേശീയപാതയിൽ കടന്നുപോകുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാത്തതും അനധികൃത പാർക്കിങ്ങും ഉൾപ്പെടെ അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. അവധി ദിവസങ്ങളിൽ ചുരം കയറുന്ന സഞ്ചാരികൾ റോഡിൽ തിങ്ങി നിറയുമ്പോൾ പാർക്കിങ് അടക്കമുള്ള പ്രശ്നങ്ങൾ ചേലോട്, പഴയ വൈത്തിരി, ലക്കിടി അടക്കമുള്ള ഭാഗങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പ്, പൊലീസ് എന്നിവയുടെ സേവനം ഉണ്ടങ്കിലും നടപടികളുണ്ടാകുന്നില്ല.
വളവും തിരിവും ഏറെ നിറഞ്ഞ റൂട്ടിൽ ലക്കിടി, വൈത്തിരി ഭാഗങ്ങളിലാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇരുചക്ര വാഹനങ്ങളാണ് അപകടങ്ങളിൽപ്പെടുന്നതില്‍ ഏറെയും. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും വാഹനങ്ങളുടെ അമിതവേഗതയുമാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന ആരോപണമുണ്ട്.
ഇതിനുപുറമെ അവശ്യമായ ഇടങ്ങളിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കാത്തതും വാഹനങ്ങൾക്ക് കൃത്യമായ പാർക്കിങ് ഏരിയ നിശ്ചയിക്കാത്തതും വിനയാകുന്നു. ചെറിയ മഴ വാഹനങ്ങള്‍ തെന്നിമറിയുവാന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ റൂട്ടിൽ കിൻഫ്ര പാർക്കിന് സമീപം ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇവക്കുപുറമെ ദിവസങ്ങൾ വ്യത്യാസത്തിൽ ചേലോട് പമ്പിന് സമീപം കുടുംബം സഞ്ചരിച്ച ജീപ്പ് മറിഞ്ഞതും പഞ്ചായത്തിന് സമീപം ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടതും ദുരന്തങ്ങളുടെ ആവർത്തനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.