ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമെതിരെ നടപടി: വയനാട്ടിൽ 109 പേർ അറസ്റ്റിൽ
text_fieldsകൽപറ്റ: ഗുണ്ടകൾ, ലഹരി വില്പനക്കാർ തുടങ്ങിയവർക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ നടപടിയുടെ ഭാഗമായി ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ റെയ്‌ഡിൽ 109 പേർ അറസ്റ്റിലായി. ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ ‘ഓപറേഷൻ ആഗ്’ എന്ന പേരിലാണ് സംസ്ഥാനത്ത് പൊലീസ് നടപടി ആരംഭിച്ചത്. മുൻകരുതൽ നടപടി പ്രകാരം അറസ്റ്റ്ചെയ്ത ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൂടുതൽ പേർ അറസ്റ്റിലായത്. ഇവിടെ 15 പേരെയാണ് പൊലീസ് പിടികൂടിയത്. കേണിച്ചിറ സ്റ്റേഷൻ പരിധിയിൽ 10 പേരും നൂൽപുഴയിലും മീനങ്ങാടിയിലും ഒമ്പത് പേർ വീതവും അറസ്റ്റിലായി.
റെയ്‌ഡിന്റെ ഭാഗമായി ബാറുകളിലും റിസോർട്ട്, ഹോം സ്റ്റേ, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിലും പരിശോധന നടത്തി. പൊതു സമാധാനത്തിന് അപകടം വരുത്തുന്ന സാമൂഹിക വിരുദ്ധരായ ഗുണ്ടകൾക്കെതിരെയും ലഹരി ഉപയോഗത്തിനെതിരെയും വില്പനക്കെതിരെയും ഉള്ള പൊലീസ് നടപടിയുടെ ഭാഗമായാണ് റെയ്ഡ്. കൂടുതൽ അപകടകാരികളായ ഗുണ്ടകൾക്കെതിരെയും ലഹരി മാഫിയക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നതിനായി കാപ്പ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും നിർദേശം നൽകിയതായി ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.