രജിസ്ട്രേഷനില്ലാത്ത സ്കാനിങ് സെന്ററുകള്‍ക്കെതിരെ നടപടി
text_fieldsകൽപറ്റ: ജില്ലയില്‍ പി.സി ആന്‍ഡ് പി.എന്‍.ഡി.ടി രജിസ്ട്രേഷനില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കാനിങ് സെന്ററുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ദിനീഷ് പി. അറിയിച്ചു.
അള്‍ട്രാ സൗണ്ട്, എം.ആര്.ഐ, ബി സ്കാനിങ്, സി.ടി. സ്കാനിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്കുന്ന എല്ല സ്ഥാപനങ്ങളും പി.സി ആന്‍ഡ് പി.എന്‍ഡി.ടി നിയമത്തിന്റെ പരിധിയില്‍ വരും. രജിസ്ട്രേഷന് നിശ്ചിത തുക സര്‍ക്കാറില്‍ അടച്ച് ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് (ആരോഗ്യം) അപേക്ഷ നല്‍കണം. അപേക്ഷകളിന്മേല് സ്ഥല പരിശോധന നടത്തിയ ശേഷം ജില്ല കലക്ടറുടെ അധ്യക്ഷതയിലുള്ള ജില്ല ഉപദേശക സമിതിയുടെ തീരുമാനങ്ങള്‍ക്ക് വിധേയമായി മാത്രമേ സ്കാനിങ് സെന്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുകയുള്ളൂ. അഞ്ചു വര്‍ഷത്തേക്കാണ് അനുമതി.
സ്ഥാപനം മറ്റൊരു കെട്ടിടത്തിലേക്കോ സ്ഥലത്തേക്കോ മാറ്റേണ്ടിവന്നാല്‍ ജില്ല മെഡിക്കല്‍ ഓഫിസറെ വിവരം അറിയിക്കണം. അംഗീകൃത രജിസ്ട്രേഷനുള്ള ഡോക്ടറെ മാത്രമേ സ്കാനിങ്ങിന് നിയോഗിക്കാവൂ. സ്കാന്‍ ചെയ്യാനെത്തുന്നവര്‍ക്ക് പി.സി ആന്‍ഡ് പി.എന്‍ഡി.ടി ആക്ട് പ്രകാരമുള്ള സൗകര്യങ്ങള്‍ സ്ഥാപനത്തില്‍ ഉറപ്പാക്കണം.
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങള്‍, നിറങ്ങള്‍ ഉള്‍പ്പെടെ യാതൊന്നും പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളതല്ല. ഓരോ മാസത്തെയും സ്കാനിങ് വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് സമര്‍പ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.