ഹരിതചട്ടം പാലിച്ചില്ലെങ്കിൽ നടപടി
text_fieldsകൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ഹരിതചട്ടം പാലിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ഡോ. രേണുരാജ്. തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് വസ്തുക്കളായ ഡിസ്പോസിബിള്‍ പ്ലേറ്റ്, ഗ്ലാസ്, പ്ലാസ്റ്റിക് ഇലകള്‍, 500 മില്ലിയില്‍ താഴെയുള്ള വാട്ടര്‍ ബോട്ടിലുകള്‍ എന്നിവയുടെ ഉപയോഗം -വിപണനം -സൂക്ഷിക്കല്‍ എന്നിവ ശക്തമായി പരിശോധിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളില്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കരുത്. ഹരിതചട്ടപാലനം പരിശോധനക്കായി ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി രൂപവത്കരിച്ചു.
പരസ്യ പ്രചാരണത്തിനുള്ള ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്സ് എന്നിവക്ക് പുനചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ലക്സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ് തുണി എന്നിവ ഉപയോഗിക്കാന്‍ പാടില്ല. കോട്ടണ്‍, പോളി എത്തിലിന്‍ നിര്‍മാണ -വിതരണ സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുഖേന സാമ്പിളുകള്‍ നല്‍കണം. കോട്ടണ്‍ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ടെക്സ്റ്റൈല്‍ കമ്മിറ്റിയില്‍നിന്ന് പരിശോധന ചെയ്ത് 100 ശതമാനം കോട്ടണ്‍ എന്ന് സാക്ഷ്യപ്പെടുത്തണം. പോളി എത്തിലിന്‍ വസ്തുക്കള്‍ സി.ഐ.പി.ഇ.റ്റിയില്‍ നിന്ന് പി.വി.സി -ഫ്രീ, റീസൈക്ലബിള്‍ പോളി എത്തിലീന്‍ എന്ന് സാക്ഷ്യപ്പെടുത്തി വില്പന നടത്തണം.
ഉപയോഗ ശേഷമുള്ള പോളി എത്തിലിന്‍ ഷീറ്റുകള്‍ ഹരിതകര്‍മ സേന അല്ലെങ്കില്‍ ക്ലീന്‍ കേരള കമ്പനി മുഖേന യൂസര്‍ ഫീ നല്കി പ്രിന്റിങ് യൂനിറ്റിനോ അംഗീകൃത റീസൈക്ലിങ് യൂനിറ്റിനോ നല്കി റീസൈക്ലിങ് നടത്തണം.
നിരോധിത ഉൽപന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ നടപടിയെടുക്കും. തെരഞ്ഞെടുപ്പ് ഓഫിസുകള്‍, പോളിങ് ബൂത്തുകള്‍ അലങ്കരിക്കാന്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. പോളിങ് ബൂത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ ക്രമീകരണത്തിനും തെരഞ്ഞെടുപ്പ് സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കും. തെരഞ്ഞെടുപ്പിന് ഔദ്യോഗികമായി നല്കുന്ന ഫോട്ടോ, വോട്ടര്‍ സ്ലിപ്പ്, രാഷ്ട്രീയപാര്‍ട്ടികള്‍ നല്കുന്ന സ്ലിപ്പ് എന്നിവ പോളിങ് ബൂത്തിന്റെ പരിസരങ്ങളില്‍ ഉപേക്ഷിക്കരുത്. ഇവ ശേഖരിച്ച് കലക്ഷന്‍ സെന്ററുകളില്‍ എത്തിച്ച് സ്ക്രാപ്പ് ഡീലേഴ്സിന് കൈമാറാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.
തെരഞ്ഞെടുപ്പിന് ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം-ശുചിത്വ മിഷന്, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് കാമ്പയിന് മെറ്റീരിയലുകള്‍ നീക്കം ചെയ്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.