യുവാവിനെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി
text_fieldsകൽപറ്റ: പയ്യോളി സ്വദേശിയായ യുവാവിനെ മർദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുവാവിന്റെ പിതാവും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഗായിക റിമി ടോമിയെ പങ്കെടുപ്പിച്ച് വയനാട്ടിലെ മേപ്പാടി ചുളിക്കയില്‍ ബോബി ചെമ്മണൂരിന്റെ മുഖ്യ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഗാനമേള ആസ്വദിക്കാന്‍ പയ്യോളിയില്‍നിന്ന് എത്തിയ സംഘത്തിലുണ്ടായിരുന്ന കൊളാരിത്താഴെ റഹീമിന്റെ മകന് മുഹമ്മദ് ജാസിഫിനെയാണ് മേപ്പാടി പൊലീസ് മർദിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഇടതുകാലിന് സ്വാധീനക്കുറവുള്ള മുഹമ്മദ് ജാസിഫിനെ ലാത്തിച്ചാർജിനിടയിൽ പൊലീസ് ക്രൂരമായി മർദിക്കുകയായിരുന്നു. ഈ സമയത്ത് ഒപ്പമുണ്ടായിരുന്നവരടക്കം ഗ്രൗണ്ടിനു പുറത്തേക്ക് പാഞ്ഞെങ്കിലും ജാസിഫിന് ഓടാനായില്ല.
ഇതിൽ കുപിതരായ മേപ്പാടി പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ജാസിഫ് ഓടാത്തതില്‍ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. തലക്കടിയേറ്റ് വീണ ജാസിഫിന്റെ ശരീരത്തിന്റെ പലഭാഗങ്ങളിലും മര്‍ദനമേറ്റു. ചോരയിൽ കുളിച്ച ഗുരുതരാവസ്ഥയിലായ ജാസിഫിനെ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിലേക്കും അവിടെനിന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. 11 ദിവസം അവിടെ ചികിത്സയിലായിരുന്ന ജാസിഫ് പരസഹായമില്ലാതെ ശുചിമുറിയില്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.
അതേസമയം, സംഭവത്തിൽ മേപ്പാടി പൊലീസ് ജാസിഫിനെ പ്രതിചേർത്താണ് എഫ്.ഐ.ആർ ഇട്ടത്.സ്ഥലത്ത് വഴക്കുണ്ടാക്കിയ ജാസിഫ് പൊലീസിനു പിടികൊടുക്കാതെ ഓടുന്നതിനിടെ സ്റ്റേ വയറില്‍ തട്ടി കുഴിയില്‍ വീണാണ് പരിക്കേറ്റതെന്നാണ് പൊലീസ് രേഖയില്‍ പറയുന്നത്.
ജാസിഫിന് നീതി ലഭ്യമാക്കുന്നതിന് ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും പ്രതിസ്ഥാനത്തുള്ള പൊലീസുകാര്‍ക്കു പുറമേ മാനദണ്ഡങ്ങള്‍ പാലിക്കാതെയും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയും പുതുവത്സരാഘോഷം സംഘടിപ്പിച്ച ബോബി ചെമ്മണൂരിനെയും കേസില്‍ എതിര്‍കക്ഷിയാക്കുമെന്നും പയ്യോളിയില്‍ രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ വേണുഗോപാല്‍ കുനിയില്‍, മഠത്തില്‍ അബ്ദുറഹ്മാന്, ഗോപാലന് കാര്യാട്ട്, ജാസിഫിന്റെ പിതാവ് റഹീം എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.