ആഫ്രിക്കൻ പന്നിപ്പനി; സർക്കാർ നടപടി പന്നികൾക്ക് തീറ്റ ലഭിക്കുന്നതിന് തിരിച്ചടി
text_fieldsകൽപറ്റ: മാനന്തവാടിയിലെ കണിയാരത്തും തവിഞ്ഞാലിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗ നിയന്ത്രണത്തിന്‍റെ ഭാഗമായി സർക്കാറിന്‍റെ മുൻകരുതൽ നടപടികൾ ജില്ലയിലെ ഫാമുകളിലെ പന്നികൾക്ക് തീറ്റ ലഭിക്കുന്നതിന് തിരിച്ചടിയാകുകയാണെന്ന് കർഷകർ.
രോഗം സ്ഥിരീകരിച്ച പ്രദേശത്തെ 10 കി.മീറ്ററിന് പുറത്തേക്ക് പന്നികൾക്കുള്ള തീറ്റയെടുക്കാൻ പോകാൻ കഴിയാത്തത് പന്നികളെ പട്ടിണിയിലാക്കുമെന്നും ഇതിന് സർക്കാർ അടിയന്തര പരിഹാരം കാണണമെന്നും ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ (എൽ.എസ്.എഫ്.ഒ) സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്. രവീന്ദ്രൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചുവെന്ന വാർത്ത വന്നതോടെ മറ്റു ജില്ലകളിലേക്ക് ഇവിടെനിന്നും വാഹനവുമായി തീറ്റയെടുക്കാൻ പോകാൻ കഴിയാത്ത അവസ്ഥയുണ്ട്. ജില്ലയിലെ 500ഓളം ഫാമുകളിലായി 20,000ത്തിലധികം പന്നികളാണുള്ളത്. ഇവക്ക് കൃത്യമായി തീറ്റ നൽകാനായില്ലെങ്കിൽ കർഷകർ പ്രതിസന്ധിയിലാകും. മാനന്തവാടിയിലെ 10 കി.മീ നിരീക്ഷണ മേഖലയിലെ ഫാമുകളിലേക്ക് അടിയന്തരമായി തീറ്റ ലഭ്യമാക്കാനും സർക്കാർ ഇടപെടണം.
തവിഞ്ഞാലിലെ ഫാമിലെ 360തിൽ അധികം പന്നികളെ കൊന്നൊടുക്കുന്നത് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കുന്നത്. ഇത്തരത്തിൽ കൊന്നൊടുക്കുന്നതിന് അർഹമായ നഷ്ടപരിഹാരവും സർക്കാർ ഉറപ്പാക്കണം. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇതര സംസ്ഥാനത്തുനിന്നുള്ള പന്നിക്കടത്ത് സർക്കാർ നിരോധിച്ചെങ്കിലും ഇപ്പോഴും ഇത് തുടരുകയാണെന്ന് എൽ.എസ്.എഫ്.ഒ ജില്ല പ്രസിഡന്‍റ് എം.വി. വിൻസെന്‍റ് ആരോപിച്ചു.
ശനിയാഴ്ചയും ജില്ലയിലേക്ക് പന്നികളെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനത്തുനിന്നുള്ള പന്നികളിലൂടെയാണ് ഇവിടെ ആഫ്രിക്കൻ പന്നിപ്പനി എത്തിയതെന്ന് സംശയിക്കുന്നു. രോഗത്തിന്‍റെ ശരിയായ ഉറവിടം കണ്ടെത്തണം. നിലവിൽ പന്നിപ്പനി സ്ഥീരീകരിച്ച ഫാമിലെ രോഗമുണ്ടെന്ന് പറയപ്പെടുന്ന പന്നി ഇതുവരെയും ചത്തിട്ടില്ല. ആഫ്രിക്കൻ പന്നിപ്പനിയാണോ എന്നും അറിയില്ല. കണിയാരത്തെ ഫാമിൽ രണ്ടുമാസം മുമ്പ് 43 പന്നികൾ ചത്തിരുന്നു.
അതിന്‍റെ പരിശോധന ഫലം ഉൾപ്പെടെ ഇപ്പോഴാണ് പുറത്തുവരുന്നത്. ഇപ്പോഴത്തെ രോഗ നിർണയത്തിൽ അപാകത സംഭവിച്ചിട്ടുണ്ടാകുമെന്നും വീണ്ടും സാമ്പിളെടുത്ത് കൃത്യമായ രോഗ നിർണയം നടത്തണമെന്നും എൽ.എസ്.എഫ്.ഒ ജില്ല സെക്രട്ടറി കെ.എഫ്. ചെറിയാൻ ആവശ്യപ്പെട്ടു.
ഏകോപന ചുമതല സബ് കലക്ടർക്ക്
മാനന്തവാടി: ജില്ലയിലെ പന്നി ഫാമുകളില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടി ഏകോപിപ്പിക്കുന്നതിന് സബ് കലക്ടർ ആർ. ശ്രീലക്ഷ്മിയെ ചുമതലപ്പെടുത്തി.
പന്നിപ്പനി സ്ഥിരീകരിക്കുന്ന പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്നാണ് നടപ്പാക്കുക. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഓഫിസിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.