പകര്‍ച്ചവ്യാധികൾ തടയാൻ ഊർജിത നടപടി
text_fieldsകൽപറ്റ: പകര്‍ച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈഡേ ആചരണം ഊർജിതപ്പെടുത്താന്‍ തീരുമാനം. വെള്ളിയാഴ്ച സ്കൂളുകള്‍, ശനിയാഴ്ച ഓഫിസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണം അടിയന്തരമായി നടത്തണം. ശുചീകരണം ഫലപ്രദമാണെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് ടി. സിദ്ദീഖ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ യോഗത്തിൽ നിർദേശിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജന്‍സികളുടെയും സംയുക്താഭിമുഖ്യത്തില്‍ ജനപങ്കാളിത്തത്തോടെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ആരോഗ്യ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഐ.ടി.ഡി.പി എന്നിവര്‍ സഹകരിച്ച് ജില്ലയിലെ കോളനികളില്‍ ക്ലോറിനേഷന് പ്രവര്‍ത്തനങ്ങള്‍ നടത്തും. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ട്രൈബല്‍ പ്രമോട്ടര്‍, വാര്‍ഡ് മെംബര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും യോഗം നിർദേശിച്ചു.
ഭക്ഷ്യ സുരക്ഷ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പരിശോധന നടത്തും. ശുദ്ധജലത്തിന്റെ ലഭ്യതയും ജല പരിശോധനയും നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജലവിഭവ വകുപ്പിന് നിർദേശം നല്കി. എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർഥികള്‍ അവരവരുടെ വീടുകളില്‍ ഉറവിടം നശീകരണം നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ബോധവത്കരണം നടത്തും. മലിന ജലവുമായി സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുള്ള എല്ലാവരും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളികകള്‍ കഴിച്ചു എന്ന് ഉറപ്പ് വരുത്തണം. ക്ഷയരോഗ നിര്‍മാർജനത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ടി.ബി രഹിത പഞ്ചായത്ത് എന്നതിലേക്ക് എത്താന്‍ തദ്ദേശസ്ഥാപന തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
• കൊതുകുകളുടെ ഉറവിട നശീകരണം രോഗ പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ്
• വീടിനകത്തും പുറത്തും വെള്ളം കെട്ടിനില്ക്കാനുളള സാഹചര്യം ഇല്ലാതാക്കണം
• ചിരട്ട, പ്ലാസ്റ്റിക്ക് കവറുകള്‍, പാത്രങ്ങള്‍, ചെടിച്ചട്ടികള്‍, ടയര്‍, കമുകിന്‍പാള, റെഫ്രിജറേറ്ററിന്റെ ട്രേ കൂളറിന്റെ ഉള്‍വശം തുടങ്ങിയവയില്‍ വെളളം കെട്ടിനിൽകാതെ ശ്രദ്ധിക്കണം.
• വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികളില്‍ ഈഡിസ് കൊതുകുകള്‍ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. ആഴ്ചയിലൊരിക്കല്‍ ചെടിച്ചട്ടികളുടെ അടിയിലെ പാത്രങ്ങളില്‍ കെട്ടിക്കിടക്കുന്ന വെളളം ഒഴിവാക്കണം.
• കൊതുക് കടിക്കാതിരിക്കാനുളള വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.