കാർഷിക ഗവേഷണ കേന്ദ്രം പദ്ധതി വിജയം; ജലസമൃദ്ധിയിൽ കുളങ്ങൾ
text_fieldsകൽപറ്റ: കേരള കാര്‍ഷിക സര്‍വകലാശാലക്കു കീഴിലുള്ള അമ്പലവയലിൽ മേഖല കാര്‍ഷിക ഗവേഷണകേന്ദ്രത്തിൽ മഴവെള്ളക്കൊയ്ത്തിനായി നിര്‍മിച്ച കുളങ്ങൾ ജല സമൃദ്ധിയിൽ. ചെറുതും വലുതുമായ 15 കുളങ്ങളാണ് ഇവിടെയുള്ളത്.
കാലവർഷത്തിൽ പെയ്ത കനത്ത മഴയിൽ ഈ കുളങ്ങളെല്ലാം നിറഞ്ഞു. മുഴുവന്‍ കുളങ്ങളിലുമായി കോടിക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ശേഖരിച്ചത്. വേനലിലടക്കം ഗവേഷണ കേന്ദ്രത്തിലെ മുഴുവന്‍ കൃഷിയാവശ്യങ്ങൾക്കടക്കം ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് 93.17 ഹെക്ടര്‍ ഭൂമിയാണുള്ളത്. വിവിധ ഭാഗങ്ങളിലാണ് കുളങ്ങള്‍ നിർമിച്ചത്. മൂന്ന് സ്വാഭാവിക കുളങ്ങൾ ഇവിടെയുള്ളതാണ്. ബാക്കിയുള്ളവ നിർമിച്ചതാണ്. പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച കുളങ്ങൾ, ചാക്ക് കുളങ്ങൾ അങ്ങനെ വ്യത്യസ്ത കുളങ്ങളാണുള്ളത്.10 മുതല്‍ 60 സെന്റ് വരെ വിസ്തൃതിയുള്ളതാണ് ഇവ. അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലി ഗ്രൗണ്ടിലാണ് രണ്ടു വലിയ കുളങ്ങൾ. 51 മീറ്റര്‍ നീളവും അത്രതന്നെ വീതിയും ഏഴ് മീറ്റര്‍ ആഴവും ഉള്ളതാണ് ചെലത്. ചിലവ് ചുരുങ്ങിയ രീതിയിലുള്ള മഴവെള്ള സംഭരണികളാണ് ഇവിടെയുള്ളത്. അന്താരാഷ്ട്ര പുഷ്പമേളയായ ‘പൂപ്പൊലി’യുടെ വലിയ വിജയത്തിന് പിന്നിലും ഇവിടുത്തെ കുളങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. കുളങ്ങളിൽ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മത്സ്യകൃഷി നടത്താനുണ്ട്. ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപന പദ്ധതിയുടെ ഭാഗമായാണ് ഫിഷറീസ് വകുപ്പ് മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഒരു ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്. കട്ല, രോഹു, കാര്‍പ് തുടങ്ങിയ ഇനം മത്സ്യങ്ങളെയാണ് വളര്‍ത്തുന്നത്. 1945ല്‍ അന്നത്തെ മദ്രാസ് സര്‍ക്കാര്‍ ആരംഭിച്ച തോട്ടമാണ് 1972ലെ കാര്‍ഷിക സര്‍വകലാശാല രൂപവത്കരണത്തിനു ശേഷം മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രമായി മാറിയത്. കാപ്പി, കുരുമുളക്, നെല്ല്, തെങ്ങ്, കമുക്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, തീറ്റപ്പുല്ലുകള്‍, പൂച്ചെടികള്‍ തുടങ്ങിയ കൃഷിയില്‍ മാര്‍ഗനിര്‍ദേശം നല്കുന്ന ഗവേഷണകേന്ദ്രം നല്ലയിനം നടീല്‍വസ്തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്തുന്നുണ്ട്.
ഇവിടെ തുടങ്ങിയ മികവിന്റെ കേന്ദ്രത്തിലെ പോളി ഹൗസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പച്ചക്കറി-പുഷ്പ തൈകൾ നട്ടുവളർത്തുന്നുണ്ട്. 8.3 ഏക്കർ സ്ഥലത്താണ് പച്ചക്കറി-പുഷ്പകൃഷിക്കായി മികവിന്റെ കേന്ദ്രം തുടങ്ങിയത്. 518.2 സ്ക്വയർ മീറ്ററുള്ള പോളി ഹൗസുകളിലാണ് നൂറുകണക്കിന് തൈകൾ വളരുന്നത്. ഡൽഹി ആസ്ഥാനമായുള്ള സവീർ ബയോ ടെക് കമ്പനിക്കാണ് ടെൻഡർ കൊടുത്തത്. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള മിഷന് ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടി കള്‍ച്ചര്‍ പദ്ധതിയുടെയും കേരള സര്‍ക്കാറിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടേയും സാമ്പത്തിക സഹായത്തോടെയാണ് കേന്ദ്രം സജ്ജമാക്കിയത്. ആകെ 13 കോടി രൂപയാണ് ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.