ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത നിർദേശം
text_fieldsകൽപറ്റ: ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് അറിയിച്ചു. പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താനും രോഗങ്ങളെ തിരിച്ചറിയാനും ശരിയായ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജനങ്ങളെ പ്രാപ്തരാക്കാനാണ് ലോക ജന്തുജന്യ രോഗ ദിനാചരണം ലക്ഷ്യമിടുന്നതെന്നും ഡി.എം.ഒ അറിയിച്ചു. എലിപ്പനി, പേവിഷബാധ, നിപ, ആന്ത്രാക്സ് തുടങ്ങിയ ജന്തുജന്യ രോഗങ്ങൾ സംസ്ഥാനത്തും ജില്ലയിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മനുഷ്യരുടെ ആരോഗ്യം ജന്തു ജാലങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തെ ആശ്രയിച്ചാണ് കഴിയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ഇന്ത്യയില്‍ ആദ്യമായി ‘ഏക ലോകം ഏകാരോഗ്യം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ‘വണ്‍ ഹെല്‍ത്ത്’ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം തന്നെ മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം നിലനിര്‍ത്തി രോഗ പ്രതിരോധമാണ് വണ്‍ ഹെല്‍ത്തിലൂടെ ലക്ഷ്യമിടുന്നത്.
ജന്തുജന്യ രോഗങ്ങള്‍
ജന്തുക്കളില്‍നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളാണ് ജന്തുജന്യ രോഗങ്ങള്‍. എബോള, മങ്കി പോക്സ് തുടങ്ങിയവയും ലോകത്തിന് ഭീഷണിയായ ജന്തുജന്യ രോഗങ്ങളാണ്. 200 ലധികം ജന്തുജന്യ രോഗങ്ങളുണ്ട്. മനുഷ്യരില്‍ ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളില്‍ 60 ശതമാനവും ജന്തുക്കളില്‍ നിന്നും പകരുന്നവയാണ്. പുതുതായി ഉണ്ടാകുന്ന രോഗങ്ങളുടെ 70 ശതമാനവും ജന്തുക്കളില്‍ നിന്നാണ് ഉണ്ടാകുന്നത്. നേരിട്ടുള്ള സമ്പര്‍ക്കം, ആഹാരം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പകരുന്നത്.
മൃഗങ്ങളുമായുള്ള സ്വാഭാവിക സഹവാസം കൂടാതെ വിനോദം, ലാളനം, കൃഷി, ഭക്ഷണം എന്നിവക്കായി വളര്‍ത്തുക തുടങ്ങിയ സാഹചര്യങ്ങളിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പകരുന്നത്. അന്തര്‍ദേശീയ യാത്രക്കാര്‍ കൂടുതലുള്ളതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള രോഗങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത കൂടുതലാണ്. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ രോഗ സാധ്യത കൂടുതലുള്ളവരാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍
കാര്‍ഷികമേഖലയിലുള്ള മൃഗപരിപാലന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഇറച്ചി, മുട്ട, പാല്, പച്ചക്കറികള്‍ എന്നിവയില്‍ നിന്നും രോഗം ഉണ്ടാകുന്നതും പടരുന്നതും തടയാം. ശുദ്ധമായ കുടിവെള്ളം, മാലിന്യ സംസ്കരണം, ജലാശയങ്ങളുടെയും കുടിവെള്ള സ്രോതസുകളുടെയും വൃത്തിയാക്കല്‍ എന്നിവയും രോഗപ്രതിരോധത്തിന് പ്രധാനമാണ്.
മൃഗങ്ങളുമായി ഇടപഴകുകയോ അവയുടെ സമീപത്ത് പോകുകയോ ചെയ്തിട്ടുണ്ടങ്കില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. എലിപ്പനിക്കെതിരെ പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കുക. പട്ടിയോ പൂച്ചയോ മറ്റ് മൃഗങ്ങളോ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ പേവിഷബാധക്ക് എതിരെയുള്ള വാക്സിന് എടുക്കണം. കൊതുക്, ചെള്ള്, പ്രാണികള്‍ തുടങ്ങിയവയുടെ കടി ഒഴിവാക്കുക. ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുക, നന്നായി വേവിച്ച് മാത്രം കഴിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.