ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുപ്പിച്ച് വഞ്ചിച്ചതായി ആരോപണം; ലക്ഷങ്ങൾ തട്ടിയ പ്രതികൾ മുങ്ങി
text_fieldsകല്പറ്റ: ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുപ്പിച്ച ശേഷം തുക കൈക്കലാക്കിയ അയല്‍വാസി വഞ്ചിച്ചതായി മീനങ്ങാടി കൃഷ്ണഗിരി രാമഗിരി നാലുസെന്റ് കോളനിയിലെ നവമാളിക വനിതസംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രാമഗിരി കോളനിയില്‍ താമസക്കാരനും പലചരക്ക് വ്യാപാരിയുമായ ജംശീറാണ് വനിതാസംഘം അംഗങ്ങളക്കൊണ്ട് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുപ്പിച്ചത്.
വഞ്ചനക്കെതിരെ മാസങ്ങൾക്കുമുമ്പ് ജംശീറിനും ഭാര്യക്കും മാതാവിനും എതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലപ്രദമായ നടപടി ഉണ്ടായില്ല. മാതാവിന് അർബുദം ആണന്നും ചികിത്സക്ക് പണം ആവശ്യമാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ആദ്യം പണം തട്ടിയത്. ഏകദേശം പത്തുലക്ഷം രൂപയാണ് വായ്പയെടുത്ത് നല്‍കിയത്. വായ്പ തുക യഥാസമയം തിരിച്ചടക്കാൻ ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം.
നേരത്തേ എടുപ്പിച്ച ചെറിയ തുകയുടെ വായ്പകള്‍ യാഥാസമയം തിരികെ നല്കി ഇയാള്‍ വനിതാസംഘം അംഗങ്ങളുടെ വിശ്വാസം ആര്‍ജിച്ചിരുന്നു. സംഘം അംഗങ്ങളെ വലിയ തുകകളായി പുതുക്കിയ വായ്പകളാണ് തിരിച്ചടക്കാതിരുന്നത്.
ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് നോട്ടീസ് ലഭിച്ചതോടെ വനിതാസംഘം അംഗങ്ങള്‍ സമീപിച്ചപ്പോള്‍ തിരിച്ചടവിനു തുക വൈകാതെ നല്‍കാമെന്നാണ് വായ്പയെടുപ്പിച്ചയാള് പറഞ്ഞത്. എന്നാല്‍, മാര്‍ച്ച് 26 മുതല്‍ ഇയാളെ കാണാതായി. വീടും പലചരക്ക് കടയും അടഞ്ഞുകിടക്കുകയാണ്.
രണ്ട് മൊബൈല്‍ നമ്പറുകള്‍ ഉണ്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഈ സാഹചര്യത്തിലാണ് മീനങ്ങാടി പൊലീസിലും പിന്നീട് ജില്ല പോലീസ് മേധാവിക്കും പരാതി നല്‍കിയത്. അയല്‍വാസി കബളിപ്പിച്ചകാര്യം സംഘം അംഗങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളെ അറിയിച്ചെങ്കിലും വായ്പയെടുത്തവര്‍ തുക തിരിച്ചടക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. പട്ടികവര്‍ഗത്തില്‍പ്പെട്ട നിരവധി പേർ ഉള്‍പ്പെടുന്നതാണ് വനിതാസംഘം. പ്രസിഡന്റ് സി. രജിത, സെക്രട്ടറി പി.വി. വിഷ്ണുപ്രിയ, അംഗങ്ങളായ പി.എം. സിന്ധു, ബി. മിനി, വിജി രാമഗിരി എന്നിവരാണ് വാര്‍ത്തസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.