അമ്പലവയൽ-കാരാപ്പുഴ പാലം; ഇടപെട്ട് മനുഷ്യാവകാശ കമീഷൻ
text_fieldsകൽപറ്റ: അമ്പലവയൽ - മുട്ടിൽ പഞ്ചായത്തുകളെയും സുൽത്താൻബത്തേരി - കൽപറ്റ നിയോജക മണ്ഡലങ്ങളെയും ബത്തേരി-വൈത്തിരി താലൂക്കുകളെയും ബന്ധിപ്പിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായ കാരാപ്പുഴ ഡാമിന് സമീപമുള്ള അമ്പലവയൽ - കാരാപ്പുഴ പാലത്തിന്റെ പണി പൂർത്തിയാക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇതിനാവശ്യമായ കോടതി അനുമതി ഉൾപ്പെടെ അടിയന്തരമായി നേടിയെടുക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കാരാപ്പുഴ ജലസേചന പദ്ധതി എക്സിക്യൂട്ടിവ് എൻജിനീയർക്കാണ് കമീഷൻ ഉത്തരവ് നൽകിയത്.
2005 ഏപ്രിൽ ഒന്നിന് തുടങ്ങിയ പണിയാണ് ഇപ്പോഴും പൂർത്തിയാകാത്തത്. 2005 ഡിസംബർ 31 ന് പണി പൂർത്തിയാക്കണമെന്നായിരുന്നു കരാർ. പൂർത്തീകരണ കാലാവധി ഏഴ് തവണ നീട്ടികൊടുത്തെങ്കിലും 78% പ്രവൃത്തി മാത്രമാണ് പൂർത്തിയാക്കിയതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ കമീഷനെ അറിയിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡും അനുബന്ധ പ്രവൃത്തികളും കരാറുകാരൻ നിർത്തിവച്ചതിനെ തുടർന്ന് കരാറുകാരനെതിരെ ജല അതോറിറ്റി നിയമനടപടി തുടങ്ങിയെങ്കിലും അദ്ദേഹം ഹൈകോടതിയെ സമീപിച്ചു. ബാധ്യത ഈടാക്കാൻ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഉത്തരവ് ലഭിച്ചതിനെ തുടർന്ന് ജല അതോറിറ്റി സുൽത്താൻ ബത്തേരി സബ് കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
അപ്രോച്ച് റോഡ് പൂർത്തിയായാൽ മാത്രമേ പാലം തുറന്നുകൊടുക്കാൻ കഴിയുകയുള്ളൂവെന്നും എൻജിനീയർ അറിയിച്ചു. ബാക്കിയുള്ള നിർമാണ ജോലികൾ ടെൻഡർ ചെയ്യുന്നതിന് കോടതിയുടെ അനുമതിക്കായി ശ്രമിക്കുമെന്നും റിപോർട്ടിൽ പറയുന്നു. കമീഷൻ എക്സിക്യൂട്ടീവ് എൻജിനീയറെ നേരിൽ കേട്ടു. തുടർന്ന് അപ്രോച്ച് റോഡ് പൂർത്തിയാക്കി പാലം തുറന്നുനൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമീഷൻ നിർദേശം നൽകി. പൊതു താൽപര്യം മുൻനിർത്തി സമർപ്പിച്ച പരാതി ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്നും കമീഷൻ നിരീക്ഷിച്ചു. വാഴവറ്റ മേഖലാ ഡി.വൈ.എഫ്.ഐ സെക്രട്ടറി സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.