അംഗൻവാടികളിൽ ഇനി കളിചിരിക്കാലം
text_fieldsകൽപറ്റ: രണ്ടുവർഷത്തിനടുത്ത ഇടവേളക്കുശേഷം കുരുന്നുകളുടെ കളിചിരിയുടെ അലയൊലികൾ ഇനി അംഗൻവാടികളിൽ മുഴങ്ങും. 2020 മാർച്ചിൽ കോവിഡ് പശ്ചാത്തലത്തിൽ അടച്ച ജില്ലയിലെ 874 അംഗൻവാടികളിലും തിങ്കളാഴ്ച മുതൽ കുട്ടികളെത്തുമെന്നാണ് പ്രതീക്ഷ.
അംഗൻവാടികൾ തുറക്കാൻ സർക്കാർ തീരുമാനമെടുത്തതോടെ ഇതുസംബന്ധിച്ച മാർഗരേഖ സംസ്ഥാന വനിത ശിശുവികസന വകുപ്പ് പുറത്തിറക്കി. എല്ലാ അംഗൻവാടി പ്രവർത്തകരും രണ്ടു ഡോസ് വാക്സിൻ എടുത്തിരിക്കുന്നത് അഭികാമ്യമാണെന്ന് മാർഗരേഖ നിർദേശിക്കുന്നു. ആദ്യത്തെ ഒരുമാസം പ്രവർത്തനം ഉച്ച 12.30 വരെ ക്രമീകരിക്കുന്നതായിരിക്കും ഉചിതം. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കും.
കുട്ടികളെ എത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി വരുന്ന രക്ഷിതാക്കൾ അംഗൻവാടിയിൽ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇഴജന്തുക്കൾ കയറാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തണമെന്നും മാർഗരേഖ നിർദേശിക്കുന്നു. അംഗൻവാടിയിൽ കുട്ടികളെ സാമൂഹിക അകലം പാലിച്ച് ഇരുത്തണം. 15ന് മുകളിൽ കുട്ടികൾ ഉണ്ടെങ്കിൽ ബാച്ചുകളുടെ ക്രമീകരണം സംബന്ധിച്ച് രക്ഷിതാക്കളുടെയും മോണിറ്ററിങ് കമ്മിറ്റിയുടേയും അഭിപ്രായംകൂടി പരിഗണിച്ച് പ്രാദേശികാടിസ്ഥാനത്തിൽ തീരുമാനിക്കാം. ഒരു ബാച്ച് തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലും അടുത്തത് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമെന്ന രീതിയിൽ. ഒരു ബാച്ചിൽ ഉൾപ്പെട്ട കുട്ടി സ്ഥിരമായി അതേ ബാച്ചിൽ തന്നെ തുടരേണ്ടതാണ്.
ഒരു പ്രദേശത്തുനിന്നുവരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചിൽ പെടുത്തുന്നതാണ് ഉചിതം. അരമണിക്കൂർ ഇടവിട്ട് കുട്ടികളുടെ കൈകൾ ലിക്വിഡ്, സോപ്പ്, ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ച് കഴുകാൻ അംഗൻവാടി പ്രവർത്തകർ ശ്രദ്ധിക്കണം. കോവിഡ് മാനദണ്ഡങ്ങൾ കളികളായോ പാട്ടുകളായോ കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ പഠിപ്പിക്കണം.
മുന്നൊരുക്കത്തിന് സമയം നൽകാത്തതിൽ ആശങ്ക
കൽപറ്റ: മുന്നൊരുക്കത്തിന് ആവശ്യമായ സമയം നൽകാതെ, അംഗൻവാടികൾ തുറക്കുന്നതിനുള്ള നിർദേശം പെട്ടെന്ന് നൽകിയത് പ്രയാസമുണ്ടാക്കുമെന്ന് വിലയിരുത്തൽ. കുറെ മാസങ്ങളായി സാധാരണഗതിയിൽ പ്രവർത്തിക്കാത്തതിനാൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കണമെന്ന് മാർഗരേഖ നിർദേശിക്കുന്നു.
ഭിത്തികൾ പെയിന്റ് ചെയ്ത് കുട്ടികളെ സ്വീകരിക്കാൻ സജ്ജമാക്കുന്നത് ഉചിതമായിരിക്കുമെന്നും ക്ലാസും പരിസരവും ശുചിയാക്കി, അണുനശീകരണം നടത്തിയശേഷം മനോഹരമായി അലങ്കരിക്കാൻ ശ്രദ്ധിക്കണം. കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ നിർബന്ധമായും അണുവിമുക്തമാക്കണമെന്നും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്നും നിർദേശിക്കുന്നു.
എന്നാൽ, ശനി, ഞായർ ദിവസങ്ങൾ മാത്രമാണ് അംഗൻവാടികൾ പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പ് ബാക്കിയുള്ളൂ എന്നതിനാൽ ഇവ എത്രത്തോളം പ്രായോഗികമാക്കാൻ കഴിയുമെന്ന ആശങ്കയാണ് ഉയരുന്നത്. കഴിഞ്ഞമാസങ്ങളിൽ അംഗൻവാടികൾ തുറന്നു പ്രവർത്തിച്ചിരുന്നില്ലെങ്കിലും കുട്ടികൾക്ക് പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചിരുന്നു. ഫെബ്രുവരിയിലെ വിഹിതവും വീടുകളിൽ എത്തിച്ചുകഴിഞ്ഞതിനാൽ അംഗൻവാടികൾ തുറക്കുന്നതു മുതലുള്ള ദിവസങ്ങളിൽ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ട്.
അംഗൻവാടികളിൽനിന്ന് നൽകുന്ന ഭക്ഷണവും കുട്ടികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. ഇത് മുടങ്ങുന്നത് കുട്ടികളുടെ വരവിനെ ബാധിക്കുമോയെന്ന ഭയം ജീവനക്കാർക്കുണ്ട്. അതേസമയം, തുടക്കത്തിൽ പ്രവർത്തന സമയം രാവിലെ 10 മുതൽ 12.30വരെയായതിനാൽ ഭക്ഷണം ഇല്ലാത്തത് വലിയ പ്രശ്നമാവില്ലെന്നാണ് ഐ.സി.ഡി.എസ് അധികൃതർ ആശ്വസിക്കുന്നത്. ഞായറാഴ്ച മാത്രം ബാക്കിയുള്ളതിനാൽ തദ്ദേശസ്ഥാപനതലത്തിലുള്ള മോണിറ്ററിങ് കമ്മിറ്റി വിളിച്ചുചേർക്കാൻ കഴിയില്ല.
അംഗൻവാടിതല മോണിറ്ററിങ് കമ്മിറ്റികളും ഒരു ദിവസത്തെ ഇടവേളയിൽ വിളിച്ചുചേർക്കാൻ പ്രയാസമാണ്. തുറക്കുന്ന വിവരം നേരത്തേ അറിയിച്ചിരുന്നെങ്കിൽ ഈ പ്രയാസങ്ങൾ പരിഹരിക്കപ്പെടുമായിരുന്നുവെന്നാണ് അംഗൻവാടി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർ വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.