സ്കൂളുകളിൽ ജനകീയ പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കും
text_fieldsകൽപറ്റ: ജില്ലയിലെ വിദ്യാലയങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ പി.ടി.എ പ്രസിഡന്‍റുമാരുടെ യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ വിദ്യാലയങ്ങൾ പൊതുവായി അഭിമുഖീകരിക്കുന്ന പ്രശ്നം കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിലെ വർധനവാണെന്ന് യോഗത്തിൽ പി.ടി.എ പ്രസിഡന്‍റുമാർ ചൂണ്ടിക്കാട്ടി. ജനകീയ പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താനും ഇതിനായി പൊലീസിന്‍റെയും എക്സൈസിന്‍റെയും ഇടപെടലുകൾ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
പല വിദ്യാലയങ്ങളിലും ചുറ്റുമതിൽ ഇല്ലാത്തത് സുഗമമായി ലഹരി എത്തുന്നതിന് കാരണമാകുന്നു. ഈ പ്രശ്നം പരിഹരിക്കാൻ പഞ്ചായത്തിന്‍റെ തൊഴിലുറപ്പ് പദ്ധതിയിലെ മെറ്റീരിയൽ കോസ്റ്റ് ഉപയോഗിച്ച് ചുറ്റുമതിൽ നിർമാണം ആരംഭിക്കാനാകും. ചുറ്റുമതിലിന് പുറമെ സ്കൂളുകളിലെ അടുക്കള്ള നിർമിക്കാനും തൊഴിലുറപ്പ് പദ്ധതിയിലുടെ കഴിയും.
സ്ഥലത്തിന്‍റെ അതിർത്തി രേഖകൾ ഇല്ലാത്ത വിദ്യാലയങ്ങൾക്ക് അവയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കൈയേറിയ ഭൂമികൾ വീണ്ടെടുക്കാൻ വേണ്ട സർവേ നടപടികൾ ആരംഭിക്കും. സ്കൂളിൽ വിദ്യാർഥികളെ വിദ്യാലയങ്ങളിലേക്ക് കടുതൽ ആകർഷിക്കാൻ എൻ.സി.സി, എസ്.പി.സി എന്നിവക്ക് പുറമെ വിവിധ ക്ലബുകളുടെ പ്രവർത്തനം ഊർജിതമാക്കും.
ഗോത്ര വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് സഹായകരമായി സർക്കാർ നടപ്പിലാക്കിയ ഗോത്ര സാരഥി പദ്ധതി നടത്തിപ്പിലെ ആശങ്ക പരിഹരിക്കുന്നതിന് വേണ്ട കാര്യങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽപെടുത്താൻ യോഗം തീരുമാനിച്ചു.
സ്കൂളിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്താൻ സി.എസ്.ആർ ഫണ്ട്, പൂർവ വിദ്യാർഥികളുടെ സഹായം എന്നിവ പ്രയോജനപ്പെടുത്തണമെന്നും യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർദേശിച്ചു.
ജില്ല ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ നടന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശി പ്രഭാ, ജില്ല വിദ്യാഭ്യാസ ഓഫിസർ കെ. സുനിൽ കുമാർ, ഡയറ്റ് സീനിയർ ലക്ചർ എം.ഒ. സജി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.