മാലിന്യരഹിതമാകട്ടെ പുതുവർഷം
text_fieldsകൽപറ്റ: ഇന്ന് പുതിയ വർഷത്തിലെ ആദ്യ ദിനം. മാലിന്യം വലിച്ചെറിയാത്ത സുന്ദരമായ നാടാകട്ടെ ഇനിയുള്ള കാലം എല്ലായിടത്തും.
ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പുതുവര്‍ഷത്തില്‍ ജില്ലയിൽ വലിച്ചെറിയല്‍ വിരുദ്ധ വാരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. തദ്ദേശസ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷന്, നവകേരളം മിഷന്, കുടുംബശ്രീ മിഷന്, കെ.എസ്.ഡബ്ല്യൂ.എം.പി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.
മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി ഒന്ന് മുതല്‍ ഏഴ് വരെയാണ് വലിച്ചെറിയല്‍ വിരുദ്ധ വാരം നടത്തുന്നത്. ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനത്തിലൂടെ പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിയുന്നത് ഇല്ലാതാക്കുകയാണ് ലക്ഷ്യം.
മാലിന്യ ശേഖരണ സംവിധാനങ്ങളോട് സഹകരിക്കാത്ത വീടുകള്‍, സ്ഥാപനങ്ങളില്‍ മാലിന്യ സംസ്കരണ രീതിയുടെ സര്‍വേ നടത്തും. വലിച്ചെറിയല്‍ മുക്തവാരവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ സ്ഥാപന തലത്തിലും വാര്‍ഡ് തലത്തിലും നിര്‍വഹണ സമിതി യോഗം രൂപവത്കരിക്കും.
തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിലെ മുഴുവന്‍ സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കി പൊതുയിടം വൃത്തിയായി സൂക്ഷിക്കും. പാഴ് വസ്തുക്കള്‍ സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങള്‍ കണ്ടെത്തും. ജാഥകള്‍, സമ്മേളനങ്ങള്‍, ഉത്സവം തുടങ്ങിയ പൊതു പരിപരിപാടികളുടെ ഭാഗമായി കൊടിതോരണങ്ങള്‍, നോട്ടീസുകള്‍, കുടിവെള്ള കുപ്പികള്‍ തുടങ്ങിയവ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയരുത്.
പ്രവർത്തനം ഇങ്ങനെ
- മാലിന്യം കണ്ടെത്തുന്ന പ്രദേശത്ത് മാലിന്യത്തിന്റെ ഉറവിടം കണ്ടെത്തി തടയും. വിനോദ സഞ്ചാരികള്‍ മാലിന്യം വലിച്ചെറിയുന്നത് ബോധവത്കരണത്തിലൂടെ തടയും.
- തദ്ദേശ സ്ഥാപനങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെ അനധികൃത ഗ്രൂപ്പുകളോ ഏജന്‍സികളോ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ റോഡില്‍ നിക്ഷേപിക്കുന്നത് തടയും
- വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ജാഥകള്‍, പൊതുപരിപാടികളില്‍ എന്നിവ മൂലമുണ്ടാകുന്ന മാലിന്യം നീക്കി വൃത്തിയാക്കും
- കാമ്പയിനിലൂടെ സൗന്ദര്യവത്കരിക്കുന്ന പ്രദേശങ്ങളുടെ സംരക്ഷണം ജനകീയ സമിതി ഉറപ്പാക്കും
- പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സായാഹ്ന സൗഹൃദ ഇടങ്ങള്‍ രൂപവത്കരിക്കും
- വാര്‍ഡ്തല നിര്‍വഹണ സമിതിയുടെ നേതൃത്വത്തില്‍ മാലിന്യനിർമാർജനത്തിന് സഹകരിക്കാത്ത വീടുകളിലും സ്ഥാപനങ്ങളിലും എത്തി ഉചിത നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.