ആര്‍ദ്രം ആരോഗ്യം: മന്ത്രി വീണജോര്‍ജ് ഇന്ന് ആശുപത്രികള്‍ സന്ദര്‍ശിക്കും
text_fieldsകൽപറ്റ: 'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ആരോഗ്യ മന്ത്രി വീണജോര്‍ജ് വ്യാഴാഴ്ച വയനാട്, കോഴിക്കോട് ജില്ലകളിലെ ആശുപത്രികള്‍ സന്ദര്‍ശിക്കും. രാവിലെ എട്ട് മണിക്ക് സുല്‍ത്താന്‍ബത്തേരി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി, ഒമ്പത് മണിക്ക് കല്പറ്റ ജനറല്‍ ആശുപത്രി, 10 മണിക്ക് വൈത്തിരി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി എന്നിവ സന്ദര്‍ശിക്കും.
11 മണിക്ക് വയനാട് ജില്ലയുടെ അവലോകന യോഗം നടക്കും. എം.എല്‍.എമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടാകും. കഴിഞ്ഞ ഒമ്പതാം തീയതിയാണ് ആര്‍ദ്രം ആരോഗ്യം പരിപാടി ആരംഭിച്ചത്.
ആശുപത്രികളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പോരായ്മകള്‍ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ല താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളും മന്ത്രി നേരിട്ട് സന്ദര്‍ശിക്കുന്നത്.
ആര്‍ദ്രം മിഷന് വിഭാവനം ചെയ്യുന്ന സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുക, നിലവില്‍ നല്കപ്പെടുന്ന സേവനങ്ങളും ജനങ്ങള്‍ക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക, മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവയാണ് സന്ദര്‍ശനത്തിന്റെ ഭാഗമായി അവലോകനം ചെയ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.