പൈങ്ങക്ക് വില കൂടി; വിളവില്ല
text_fieldsകൽപറ്റ: പൈങ്ങക്ക് വില ഉയർന്നപ്പോൾ വിളവില്ലാതായത് കർഷകർക്ക് തിരിച്ചടിയായി. ആവശ്യത്തിന് വിളവും വിലയുമില്ലാത്തതിനെ തുടർന്ന് നേരത്തേ തന്നെ പ്രതിസന്ധിയിലായിരുന്നു കമുക് കർഷകർ.
തുടർച്ചയായുണ്ടായ പ്രളയവും കമുക് രോഗബാധയുമാണ് വിളയിൽ ഗണ്യമായ കുറവുണ്ടാകാൻ കാരണം. നിലവിൽ പൈങ്ങക്ക് 140 രൂപയോളം വില ലഭിക്കുന്നുണ്ട്. എന്നാൽ, മഹാളി ഉൾപ്പെടെയുള്ള രോഗബാധയെ തുടർന്ന് പലരും കമുകുകൾ കൂട്ടത്തോടെ മുറിച്ചുമാറ്റി.
വർഷങ്ങളായി ജില്ലയിലെ കർഷകരുടെയും വീട്ടമ്മമാരുടെയും പ്രധാന വരുമാന മാർഗമായിരുന്നു കമുക് കൃഷിയും പൈങ്ങ പൊളിക്കലും. തുടർച്ചയായുണ്ടാവുന്ന വിവിധ രോഗങ്ങളും കാലവസ്ഥ വ്യതിയാനവും കാരണം കർഷകർ വൻപ്രതിസന്ധിയാണ് അനുഭവിക്കുന്നത്.
ഒരുകാലത്ത് സമ്പുഷ്ടമായി വളർന്നിരുന്ന കമുകിൻ തോട്ടങ്ങൾ ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കയാണ്. തോട്ടങ്ങളിലും വയലുകളിലും തലയെടുപ്പോടെ നിന്ന കമുകുകളെല്ലാം വിവിധ രോഗ കാരണങ്ങളാൽ പൂർണമായും മുറിച്ച് നീക്കുകയാണ് കർഷകർ.
കൂമ്പ് ചീയലും മഞ്ഞളിപ്പും മഹാളി രോഗങ്ങളുമാണ് കമുക് കൃഷിയെ പ്രധാനമായും നാശത്തിലേക്കെത്തിച്ചത്. കൂടാതെ വേനൽ കടുക്കുന്നതോടെ കമുകുകൾ കൂട്ടത്തോടെ ഉണങ്ങി നശിക്കുന്നതും പതിവായി.
കമുക് കൃഷി സമ്പൂർണ നാശത്തിലേക്ക് നീങ്ങിയിട്ടും കർഷകർക്ക് ആവശ്യമായ സഹായങ്ങൾ നൽകാനോ കൃഷി േപ്രാത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനോ അധികൃതർ തയാറാവുന്നില്ലെന്നതാണ് മറ്റൊരു വസ്തുത.
പൈങ്ങ ഉൽപാദനത്തിൽ 60 ശതമാനത്തോളം കുറവുണ്ടായതായാണ് കർഷകരും കൃഷിവകുപ്പും സാക്ഷ്യപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.