പുതിയ ജില്ല പ്രസിഡൻറിൻെറ വരവ്; വയനാട് ബി.ജെ.പിയിൽ പൊട്ടിത്തെറി
text_fieldsസുൽത്താൻ ബത്തേരി: ബി.ജെ.പിക്ക് പുതിയ ജില്ല പ്രസിഡൻറ് വന്നതോടെ സുൽത്താൽ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയിൽ പൊട്ടിത്തെറി. പ്രസിഡൻറ് കെ.ബി. മദൻലാൽ ഉൾപ്പെടെ 13 പേർ രാജിവെച്ചു. മഹിള മോർച്ചയിലും പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ജില്ല പ്രസിഡൻറ് വാകേരി മൂടക്കൊല്ലി സ്വദേശി കെ.പി. മധുവാണ്. മധുവിനെ പ്രസിഡൻറാക്കിയുള്ള സംസ്ഥാന നേതൃത്വ തീരുമാനം വന്നതോടെ നിയോജകമണ്ഡലം കമ്മിറ്റിയിൽ മുറുമുറുപ്പ് ഉയർന്നിരുന്നു. പലതവണ യോഗംചേർന്നാണ് മദൻലാൽ ഉൾപ്പെടെയുള്ളവരുടെ വ്യാഴാഴ്ചത്തെ രാജി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സി.കെ. ജാനുവിനെ മത്സരിപ്പിച്ചതിന് ശേഷമുണ്ടായ സാമ്പത്തിക ആരോപണങ്ങളാണ് ഇപ്പോഴത്തെ കൂട്ടരാജിക്കും കാരണമെന്നാണ് വിവരം. സാമ്പത്തിക ആരോപണം ഉയർന്നപ്പോഴെ നിയോജകമണ്ഡലം കമ്മിറ്റി ഏതാനും നേതാക്കൾക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി കൊടുത്തിരുന്നു. എന്നാൽ, ഇത് പരിഗണിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില പരാതികൾ സംസ്ഥാന നേതൃത്വത്തിന് കൊടുത്തിരുന്നുവെന്നും എന്നാൽ, വ്യക്തമായ മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് രാജിയെന്നും കെ.ബി. മദൻലാൽ പ്രതികരിച്ചു. നേതൃത്വം ചർച്ചകൾക്ക് തയാറാകാത്തപക്ഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പുതിയ ജില്ല പ്രസിഡൻറ് വന്നതോടെ നിയോജകമണ്ഡലം കമ്മിറ്റികളൊക്കെ അസാധുവായതായി ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ പറഞ്ഞു. അതിനാൽ രാജിയുടെ ആവശ്യം ഉണ്ടാകുന്നില്ല. ജില്ല പ്രസിഡൻറിെൻറ മേൽനോട്ടത്തിൽ ഇനി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി.കെ. ജാനുവിന് ലക്ഷങ്ങൾ കോഴ കൊടുത്തുവെന്ന ആരോപണം സുൽത്താൻ ബത്തേരിയിലെ ബി.ജെ.പിയെ പിടിച്ചുകുലുക്കിയിരുന്നു.
ജില്ല ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളെ ക്രൈം ബ്രാഞ്ച് ചോദ്യംചെയ്തു. വോട്ടുചോർച്ചയും കോഴ ആരോപണങ്ങളും നേതാക്കളുടെ വലിയ ചേരിതിരിവിനാണ് വഴിവെച്ചത്.
ബി.ജെ.പി ജില്ല ഓഫിസ് ഉദ്ഘാടനം
കൽപറ്റ: ബി.ജെ.പി ജില്ല ഓഫിസായ മാരാർജി ഭവൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കൽപറ്റ ടൗണിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് എതിർവശത്താണ് കെട്ടിടം.
ജില്ല പ്രസിഡൻറ് സജിശങ്കർ അധ്യക്ഷത വഹിച്ചു. ജെ.ആർ.പി സംസ്ഥാന അധ്യക്ഷ സി.കെ. ജാനു, ബി.ജെ.പി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം. ഗണേശൻ, ഉത്തരമേഖലാ പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ, എസ്.ടി മോർച്ച സംസ്ഥാന പ്രസിഡൻറ് മുകുന്ദൻ പള്ളിയറ, ദേശീയ കൗൺസിൽ അഗങ്ങളായ പി.സി. മോഹനൻ, പള്ളിയറ രാമൻ, സംസ്ഥാന കൗൺസിൽ അംഗം കൂട്ടാറ ദാമോദരൻ, ഉത്തരമേഖല ജനറൽ സെക്രട്ടറി കെ. സദാനന്ദൻ, ഉത്തരമേഖല സംഘടന ജനറൽ സെക്രട്ടറി കെ.പി. സുരേഷ്, കെട്ടിടനിർമാണ കമ്മിറ്റി സംസ്ഥാന കൺവീനർ എം.ബി. രാജഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു. മാരാർജി ഭവൻ നിർമാണ കമ്മിറ്റി കൺവീനർ പി.ജി. ആനന്ദകുമാർ സ്വാഗതവും ജില്ല ജനറൽ സെക്രട്ടറി കെ. മോഹനൻദാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.