ആസ്പിരേഷനല്‍ ബ്ലോക്ക് പ്രോഗ്രാം; പനമരം ബ്ലോക്കിന് ഒന്നര കോടി
text_fieldsകൽപറ്റ: ആസ്പിരേഷനല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്തിന് നിതി ആയോഗ് ഒന്നര കോടി രൂപ അനുവദിച്ചു. ആസ്പിരേഷനല്‍ ബ്ലോക്ക് പ്രോഗ്രാമിലെ 2024 സെപ്റ്റംബറിലെ റാങ്കിങ്ങില്‍ സൗത്ത് സോണില്‍ രണ്ടാം റാങ്കും ദേശീയതലത്തില്‍ പതിനാറാം റാങ്കുമാണ് പനമരം ബ്ലോക്ക് നേടിയത്.
2023 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് ആസ്പിരേഷനല്‍ ബ്ലോക്ക് പ്രോഗ്രാം. ഇന്ത്യയിലെ 500 ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്കിലെ ആരോഗ്യം, പോഷകം, വിദ്യാഭ്യാസം, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിലായി 39 സൂചകങ്ങളിലൂടെയുള്ള പുരോഗതിയാണ് പദ്ധതി ലക്ഷ്യം. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജില്ല ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലയിലെ ജനപ്രതിനിധികള്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍, ബ്ലോക്കിന് കീഴിലെ വിവിധ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്കി.
നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ആസ്പിരേഷനൽ ബ്ലോക്ക് പഞ്ചായത്ത് ടീമിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി, സെക്രട്ടറി കെ. ഷീബ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.