എ.വി. ജയനെ സി.പി.എം പുറത്താക്കാൻ സാധ്യത
text_fieldsകൽപറ്റ: പാർട്ടിയെടുത്ത അച്ചടക്ക നടപടിക്കെതിരെ പരസ്യപ്രതികരണം നടത്തിയ കർഷക സംഘം ജില്ല പ്രസിഡന്റ് എ.വി. ജയനെ സി.പി.എമ്മിൽനിന്ന് പുറത്താക്കാൻ സാധ്യത. ജീവകാരുണ്യ ഫണ്ട് വകമാറ്റിയെന്ന പരാതിക്കു പിന്നാലെ പുൽപള്ളി ഏരിയ കമ്മിറ്റിയിൽനിന്ന് ജയനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിനെതിരെയാണ് ജയൻ മാധ്യമങ്ങളിലൂടെ പരസ്യപ്രതിഷേധം നടത്തിയത്.
ജയനെതിരായ നടപടി റിപ്പോർട്ട് ചെയ്യാൻ പുൽപള്ളി ഏരിയ കമ്മിറ്റി യോഗം ചേർന്നിരുന്നു. സംസ്ഥാനസമിതിയംഗം സി.കെ. ശശീന്ദ്രനും പങ്കെടുത്ത യോഗത്തിൽ ജില്ല സെക്രട്ടറി കെ. റഫീഖാണ് നടപടി റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഉടനെതന്നെ ജയൻ, എ.കെ.എസ് ജില്ല സെക്രട്ടറി എ.എം. പ്രസാദ്, എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറിയും പൂതാടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ജിഷ്ണു ഷാജി, ഏരിയ കമ്മിറ്റി അംഗം ബിന്ദു ബാബു എന്നിവർ ഇറങ്ങിപ്പോയി നടപടിക്കെതിരെ പരസ്യപ്രതികരണം നടത്തി. ഇതിന്റെ പ്രതിഫലനമെന്നപോലെ മറ്റിടങ്ങളിലെ ലോക്കൽ, ഏരിയ കമ്മിറ്റികളിലും തുടർ ദിവസങ്ങളിൽ പരസ്യപ്രതികരണമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന ജില്ല കമ്മിറ്റി യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു. ജയനെ പാർട്ടിയിൽനിന്ന് പുറത്താക്കാനും മറ്റുള്ളവരെ സസ്പെൻഡ് ചെയ്യാനുമാണ് സാധ്യതയെന്നാണ് അറിയുന്നത്. സംഘടന നടപടിക്ക് പിന്നാലെ മാധ്യമങ്ങൾക്കു മുന്നിൽ പരസ്യപ്രസ്താവന നടത്തിയ എ.വി. ജയൻ അടക്കമുള്ളവർ കടുത്ത അച്ചടക്കലംഘനമാണ് നടത്തിയതെന്നാണ് യോഗത്തിലെ വിലയിരുത്തൽ. നടപടി സംബന്ധിച്ച് പരാതിപ്പെടാനുള്ള അവകാശമുണ്ടായിരിക്കെ മാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ലെന്നും നടപടി അനിവാര്യമാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. കഴിഞ്ഞ തവണ ഇറങ്ങിപ്പോയ ബിന്ദു ബാബു പക്ഷേ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.
ജൂലൈ 15ന് സി.പി.എം ജില്ല കമ്മിറ്റി യോഗം ചേരുന്നുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ, എം.വി. ജയരാജൻ എന്നിവർ വയനാട്ടിലെത്തുന്നുണ്ട്. മറ്റ് സംഘടന വിഷയങ്ങളോടൊപ്പം വയനാട് സി.പി.എമ്മിലെ പ്രശ്നങ്ങളും പരിഗണിക്കും. കഴിഞ്ഞ ജില്ല സമ്മേളനത്തിൽ ഒരു ടേം കൂടിയുണ്ടായിരുന്നിട്ടും പി. ഗഗാറിനെ മാറ്റി കെ. റഫീഖിനെ ജില്ല സെക്രട്ടറിയാക്കി. മുൻ എം.എൽ.എയായ സി.കെ. ശശീന്ദ്രനാണ് ഇതിന് ചരടുവലിച്ചത്. അന്നുമുതൽ പാർട്ടിയിൽ പുകച്ചിൽ തുടങ്ങിയിരുന്നു. ഗഗാറിന് ഒപ്പമുള്ള നേതാക്കളെ ഒതുക്കുന്നത് തുടരുകയാണെന്നും ഇതാണ് ജയനെതിരായ നടപടിക്ക് പിന്നിലെന്നുമാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.