ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനം: ആറു ഒഴിവുകളിലേക്ക് 20 പേരില്‍നിന്ന് കോഴ
text_fieldsകല്പറ്റ: സുൽത്താൻ ബത്തേരി അര്‍ബന്‍ ബാങ്കില്‍ ആറു ഒഴിവുകളിലേക്ക് മാത്രം നിയമന സാധ്യതയുണ്ടായിരിക്കെ, തൊഴില്‍ നല്‍കാമെന്നു പറഞ്ഞ് 20ഓളം പേരില്‍നിന്നു പണം വാങ്ങിയതായി പാർട്ടി അന്വേഷണ സമിതിയുടെ കണ്ടെത്തൽ.
അര്‍ബന്‍ ബാങ്കില്‍ 2021ല്‍ നടന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് പാര്‍ട്ടി ജില്ല നേതൃത്വം നിയോഗിച്ച മൂന്നംഗ സമിതിയുടേതാണ് കണ്ടെത്തല്‍. ബത്തേരിയില്‍ കോൺഗ്രസിനുണ്ടായ തകര്‍ച്ചക്ക് കാരണം പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ നിയമനങ്ങളെ ചൊല്ലിയുള്ള അഴിമതി ആരോപണങ്ങളാണെന്നും കമീഷന് സംസ്ഥാന-ജില്ല കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് പാർട്ടി മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചത്. ഡി.സി.സി ജനറല്‍ സെക്രട്ടറിയും മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറുമായ കെ.ഇ. വിനയന് ചെയര്‍മാനും ഡി.സി.സി ജനറല്‍ സെക്രട്ടറി ഡി.പി. രാജശേഖരന് കണ്‍വീനറും ഡി.സി.സി ജനറല്‍ സെക്രട്ടറി ബിനു തോമസ് അംഗവുമായ സമിതിയാണ് ആരോപണങ്ങൾ അന്വേഷിച്ചത്. സമിതി ആഗസ്റ്റ് അഞ്ചിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിെൻറ പകര്‍പ്പ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സമിതി പരാതികൾ സ്വീകരിക്കുന്നതിെൻറ ഭാഗമായി ജൂലൈ 29, 30 തീയതികളില്‍ ബത്തേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ നടത്തിയ സിറ്റിങ്ങില്‍ 22 പരാതികളാണ് ലഭിച്ചത്. പരാതികളുടെ സംക്ഷിപ്ത ഉള്ളടക്കം സഹിതമാണ് സമിതി പാര്‍ട്ടി സംസ്ഥാന-ജില്ല നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കിയത്. പണം നല്‍കിയിട്ടും നിയമനം ലഭിക്കാത്തവരും പണം തിരികെ കിട്ടാത്തവരും പരാതിക്കാരുടെ നിരയിലുണ്ട്.
കോണ്‍ഗ്രസിെൻറ തകര്‍ച്ചക്ക് ഇടയാക്കിയത് നിയമന അഴിമതി
അര്‍ബന്‍ ബാങ്ക് ഒഴികെ ബത്തേരിയിലെ സഹകരണ സ്ഥാപനങ്ങള്‍ സി.പി.എം കൈയടക്കാൻ കാരണം നിയമനങ്ങളിലെ അഴിമതിയാണ്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ അപേക്ഷകള്‍ തമസ്കരിച്ച് സഹകരണ സ്ഥാപനങ്ങളില്‍ സി.പി.എം അനുഭാവികള്‍ക്കു ജോലി നല്കി.
നിയമനങ്ങള്‍ക്കു പിന്നില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലം കമ്മിറ്റികളുടെ ശിപാര്‍ശ സഹിതം 10 മുതല്‍ 25 വരെ ലക്ഷം രൂപ നല്‍കാമെന്നു അറിയിച്ചിട്ടും നിയമനം ലഭിക്കാതിരുന്നത് ഇതിലും കൂടിയ തുകക്ക് ജോലി ഒഴിവുകള്‍ കച്ചവടമാക്കിയതിനാലാണ്. സി.പി.എം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്കാണ് നല്‍കുന്നത്. എന്നാല്‍, തസ്തികകൾ വിറ്റു കാശാക്കുകയാണ് കോണ്‍ഗ്രസിനെ വില്പനച്ചരക്കാക്കിയവര്‍ ചെയ്തത്. ബാങ്കിലെ മുഴുവന്‍ നിയമനങ്ങളുടെയും കേന്ദ്രബിന്ദു കെ.കെ. ഗോപിനാഥന് (ഡി.സി.സി മുന്‍ ട്രഷറര്‍) ആണെന്നാണ് പരാതികളില്‍നിന്നു മനസ്സിലാക്കുന്നത്. ബത്തേരി കാര്‍ഷിക വികസന ബാങ്ക് കോണ്‍ഗ്രസിനു നഷ്ടമായതിനു പിന്നിലും ഗോപിനാഥനാണ്.
ബാങ്ക് ചെയര്മാന് ഡോ. സണ്ണി ജോര്‍ജിനു ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയാനാകില്ലെന്ന്്റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുന്നു.
പരീക്ഷയും നിയമനങ്ങളും നടത്തിയതു പുറത്തുള്ള ഏജന്‍സിയാണെന്ന ചെയര്‍മാെൻറ വാദം ബാലിശമാണ്. മുതിര്‍ന്ന നേതാക്കളായ പി.വി. ബാലചന്ദ്രന്, എന്‍.ഡി. അപ്പച്ചന്, കെ.കെ. അബ്രഹാം, എന്‍.എം. വിജയന് എന്നിവര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ കമീഷനു ലഭിച്ച പരാതികളിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റിപ്പോർട്ടിെൻറ അടിസ്ഥാനത്തില്‍ ഗോപിനാഥനെയും ഡോ. സണ്ണി ജോര്‍ജിനെയും ആഗസറ്റ് 12ന് കെ.പി.സി.സി അധ്യക്ഷന്‍ പാര്‍ട്ടിയില്‍നിന്ന് ആറു മാസത്തേക്കു സസ്പെന്‍ഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.