കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ശരത്തിന് ബോബി ചെമ്മണൂർ രണ്ടു ലക്ഷവും രാഹുൽ ഗാന്ധി 50,000 രൂപയും നൽകും
text_fieldsകൽപറ്റ: കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ഇടുപ്പെല്ല് പൊട്ടി കിടക്കുന്ന ആദിവാസി വിദ്യാർഥി ശരത്തിന് സാമ്പത്തിക സഹായവുമായി രാഹുൽ ഗാന്ധി എം.പിയും വ്യവസായി ബോബി ചെമ്മണൂരും. എന്ത് ആവശ്യത്തിനും കൂടെയുണ്ടെന്ന് സാന്ത്വനമേകി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. കാട്ടാന ആക്രമണത്തിൽ ഇടുപ്പെല്ല് തകർന്ന് അനങ്ങാൻപോലും പറ്റാതെ കിടപ്പിലായ ശരത്തിന്റെ അവസ്ഥയെക്കുറിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
തിങ്കളാഴ്ച വയനാട്ടിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പാക്കം കരേരിക്കുന്ന് കോളനിയിലെ ശരത്തിന്റെ വീട് സന്ദർശിച്ചു. ശരത്തിനോട് അസുഖത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ ഗവർണർ കുടുംബത്തെ ആശ്വസിപ്പിച്ചു. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്നു പറഞ്ഞ് തന്റെ ഫോൺ നമ്പർ അടങ്ങിയ കാർഡ് കുടുംബത്തിന് നൽകിയാണ് മടങ്ങിയത്. ശരത്തിന്റെ വീട്ടിലെത്തിയ വ്യവസായി ബോബി ചെമ്മണൂർ തുടർചികിത്സക്കായി രണ്ടു ലക്ഷം രൂപ നൽകുമെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു.
20 മിനിറ്റോളം വീട്ടിൽ ചെലവിട്ട ബോബി, കോളനിയിലെ മറ്റുള്ളവരോടും കുശലാന്വേഷണം നടത്തിയിട്ടാണ് മടങ്ങിയത്. ഞായറാഴ്ച വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി എം.പി കുട്ടിയുടെ ദയനീയ അവസ്ഥ അറിഞ്ഞതിനെ തുടർന്നാണ് ചികിത്സക്ക് 50,000 രൂപ അനുവദിക്കാൻ പാർട്ടി നേതൃത്വത്തോട് നിർദേശിച്ചത്.
ഇതിനുള്ള നടപടി തുടങ്ങിയതായും ടി. സിദ്ദീഖ് എം.എൽ.എ അറിയിച്ചു. കുടുംബം രാഹുലിന് നിവേദനം നൽകിയിരുന്നു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ശരത്തിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പലകക്കട്ടിലിൽ കിടന്നിരുന്ന ശരത്തിന് കിടക്കാൻ പുതിയ കിടക്കയും എത്തിച്ചിട്ടുണ്ട്.
വാർഡ് മെംബർ ജോളി സ്വന്തം ചിലവിൽ വീട്ടിലെ പൊളിഞ്ഞ ജനൽ ഗ്ലാസുകൾ മാറ്റാനും നടപടി സ്വീകരിച്ചു. പുൽപള്ളി വിജയ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ശരത്തിന് ജനുവരി 28നാണ് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. രണ്ടാഴ്ച മെഡിക്കൽ കോളജിൽ കിടന്നു. ഇടുപ്പെല്ല് തകർന്നതിനാൽ അനങ്ങാൻ പോലും പറ്റാതെ കിടപ്പിലാണ്.
തുടർചികിത്സക്ക് നല്ലൊരു തുക കണ്ടെത്തണം. സ്കൂൾ അധികൃതർ നൽകിയ 10,000 രൂപയും വനംവകുപ്പ് നൽകിയ 12,000 രൂപയും കൊണ്ടാണ് ഇതുവരെയുള്ള ചികിത്സച്ചെലവുകൾ നടത്തിയത്. പരസഹായമില്ലാതെ ഒന്നും ചെയ്യാനും കഴിയില്ല. അതിനാൽ മാതാപിതാക്കളും കൂലിപ്പണിക്കു പോകാൻ കഴിയാത്ത അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.