ബ്രഹ്മഗിരി പ്രതിസന്ധി ചര്‍ച്ചയാകും
text_fieldsകല്പറ്റ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് 28ന് ജില്ലയിലെത്തും. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രതിസന്ധി ചർച്ച ചെയ്യാനും ജില്ല കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനുമാണ് ജില്ലയിൽ എത്തുന്നത്. 28ന് ഉച്ച 12ന് എ.കെ.ജി ഭവനിലാണ് യോഗം.
യോഗത്തില്‍ സംഘടന വിഷയങ്ങള്‍ക്കു പുറമേ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ പ്രതിസന്ധിയും ചര്‍ച്ചയാകുമെന്നാണ് വിവരം. സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിലെ പ്രതിസന്ധി പാർട്ടിയെ കാര്യമായി പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിക്ഷേപകരടക്കം രംഗത്തുവന്നത് തിരിച്ചടിയായിട്ടുണ്ട്.
സൊസൈറ്റിയുടെ വിവിധ പദ്ധതികൾക്ക് അനുവദിച്ച സർക്കാർ ഫണ്ട് ലഭ്യാമാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. വിഷയത്തിൽ ആഴ്ചകൾക്ക് മുന്നേ സംസ്ഥാന സെക്രട്ടറി നേരിട്ടിടപെടുകയും പ്രശ്നം ചർച്ച ചെയ്യുന്നതിനും മറ്റും ധനമന്ത്രിയെ ചുമതലപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം മഞ്ഞാടിയിലെ ആസ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.
സൊസൈറ്റിയുടെ വിവിധ പദ്ധതികളിൽ ലക്ഷക്കണക്കിനു രൂപ നിക്ഷേപിച്ചവര്‍ പലിശപോലും ലഭിക്കാതെ ഉഴലുകയാണ്. ജീവനക്കാര്‍ക്കു മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല. നിക്ഷേപകരില്‍ ഒരുവിഭാഗം ബ്രഹ്മഗിരി ഡെപ്പോസിറ്റേഴ്സ് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ്.
നിക്ഷേപവും പലിശയും തിരികെ ലഭിക്കുന്നതിന് ഇടപെടല്‍ തേടി ആക്ഷന്‍ കമ്മിറ്റി ജില്ല സെക്രട്ടറി പി. ഗഗാറിന്, സംസ്ഥാന സമിതിയംഗം ഒ.ആര്. കേളു എം.എല്‍.എ എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു. ജീവനക്കാരില്‍ ഒരാള്‍ മീനങ്ങാടി പൊലീസിലും പരാതി നല്കി.
ബ്രഹ്മഗിരി പ്രതിസന്ധി യു.ഡി.എഫും ബി.ജെ.പിയും ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നെന്മേനി, ചീരാല്‍ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ബ്രഹ്മഗിരി മീറ്റ് പ്ലാന്റിലേക്ക് മാര്‍ച്ച് നടത്തി. മുസ്ലിംലീഗും വനിത ലീഗും യു.ഡി.എഫിലെ മറ്റു ഘടക കക്ഷികളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ബ്രഹ്മഗിരിയിലെ പ്രതിസന്ധിക്കു കാരണം അഴിമതിയും ധൂര്ത്തുമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
സൊസൈറ്റിയെ തകർത്തത് സി.പി.എം നേതാക്കളുടെ പണക്കൊതി -ഡി.സി.സി
കൽപറ്റ: ജില്ലയിലെ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി തകർന്നതിന്റെ പൂർണ ഉത്തരവാദിത്തം സി.പി.എമ്മിന് മാത്രമാണെന്നും അത് പണാപഹരണം കാരണമാണെന്നും ജില്ല കോൺഗ്രസ് കമ്മിറ്റി. ജില്ലയിലെയും അയൽ ജില്ലകളിലെയും സാധാരണക്കാരായ നിരവധിയാളുകളെ പറഞ്ഞുപറ്റിച്ച് റിട്ട. ഉദ്യോഗസ്ഥരുടെ പെൻഷൻ പണം ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് സി.പി.എം തട്ടിയെടുത്തത്.
തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും സഹകരണ സംഘങ്ങളിൽ നിന്നും പാൽ സൊസൈറ്റികളിൽ നിന്നും കുടുംബശ്രീയിൽ നിന്നും നിയമാനുസൃതമല്ലാത്ത സർക്കാർ ഓർഡറുകൾ ഇറക്കിയ ഭരണത്തിന്റെ ബലത്തിലാണ് ബ്രഹ്മഗിരി സൊസൈറ്റിക്ക് സി.പി.എം. ഷെയറും നിക്ഷേപവും സ്വീകരിച്ചത്.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ബജറ്റുകളിൽ കോടിക്കണക്കിന് രൂപ ബ്രഹ്മഗിരി സൊസൈറ്റിക്ക് നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാറിൽനിന്നും ജില്ല പഞ്ചായത്തിൽ നിന്നും ഗ്രാന്റുകൾ വാങ്ങി പാർട്ടി പ്രവർത്തനത്തിനും നേതാക്കളുടെ പോക്കറ്റിലേക്കുമാണ് തുകകൾ ഒഴുകിയെത്തിയത്. ജെ.എൽ.സി ഗ്രൂപ്പുകൾ രൂപവത്കരിച്ചതും വനിതകളെ പറ്റിച്ച് ഷെയറുകളുടെ രൂപത്തിൽ പണം തട്ടിയെടുത്തതിനും സി.പി.എമ്മിന് ജനം തിരിച്ചടി നൽകും.
നിലവിൽ സൊസൈറ്റിക്ക് 50 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് സി.പി.എം പറയുന്നത് ശുദ്ധ തട്ടിപ്പാണ്. എട്ട് മാസമായി ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ കഴിഞ്ഞിട്ടില്ല.
അഴിമതിക്കെതിരെ സമരം നടത്തിയ ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അടക്കമുള്ള അമ്പതോളം പേർക്കെതിരെ ജാമ്യമില്ല വകുപ്പ് ഉപയോഗിച്ച് കേസെടുത്ത് ജയിലിലടക്കാനുള്ള നീക്കം ഭരണകക്ഷിയുടെ അഴിമതി മൂടിവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ നീക്കത്തെ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി നേരിടുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, പി.പി. ആലി, സി.പി. വർഗീസ്, എൻ.കെ. വർഗീസ്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, കെ.വി. പോക്കർ ഹാജി, ഡി.പി. രാജശേഖരൻ, നജീബ് കരണി, എൻ.യു. ഉലഹന്നാൻ, എൻ.എം. വിജയൻ, ബിനു തോമസ്, പി. ശോഭനകുമാരി, ജി. വിജയമ്മ ടീച്ചർ, ആർ. രാജേഷ്കുമാർ, പി.എം. സുധാകരൻ, എക്കണ്ടി മൊയ്തൂട്ടി, ചിന്നമ്മ ജോസ്, പി.ഡി. സജി, പി.കെ. കുഞ്ഞിമൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.