ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി: സമരവുമായി ആക്ഷന്‍ കമ്മിറ്റി; ഒഴിവാക്കാൻ ഡയറക്ടർ ബോർഡ്
text_fieldsകല്പറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള വയനാട് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ പാതിരിപ്പാലം ഓഫിസിനു മുന്നില്‍ ബ്രഹ്മഗിരി വിക്ടിംസ് ആക്ഷന്‍ കമ്മിറ്റി ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ച സമരം ഒഴിവാക്കാൻ സമ്മർദവുമായി ഡയറക്ടർ ബോർഡ്. സമരം ഒഴിവാക്കണമെന്നും 24ന് ചർച്ചക്ക് ഡയറക്ടർ ബോർഡ് തയാറാണെന്നും അറിയിച്ച് ബ്രഹ്മഗിരി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ആക്ഷന്‍ കമ്മിറ്റി സെക്രട്ടറി എം.ആര്. മംഗളനു കത്ത് നല്കി.
ചര്‍ച്ചയില്‍ സി.പി.എം നേതാക്കളായ പി. ഗഗാറിന്, സി.കെ. ശശീന്ദ്രന്, ഒ.ആര്.കേളു എന്നിവര്‍ പങ്കെടുക്കുമെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ബ്രഹ്മഗിരി സൊസൈറ്റി നേരിടുന്ന പ്രശ്നങ്ങൾ സർക്കാർ സഹായത്തോടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തിക്കൊണ്ടിരിക്കുകയാണെന്നും മലബാർ മീറ്റ് പുനരാരംഭിക്കുന്നതിനും ആവശ്യപ്പെട്ട നിക്ഷേപകർക്ക് പണം തിരിച്ച് നൽകാൻ കഴിയും വിധമുള്ള നിർദേശങ്ങളാണ് സർക്കാർ പരിഗണനയിലുള്ളതെന്നും കാലതാമസം കൂടാതെ ഇതു ലഭ്യമാക്കാനുള്ള ഇടപെടൽ നടന്നുവരുന്നുണ്ടെന്നും ഈ കാര്യങ്ങൾ പരിഗണിച്ച് 21ന് നടത്തുന്ന ധർണയും മാർച്ചും ഒഴിവാക്കണമെന്നുമാണ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുടെ ഒപ്പോടുകൂടിയ കത്തിലുള്ളത്.
സമരവുമായി മുന്നോട്ടുപോകാനാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനം. വയനാട്ടില്‍ 23നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ്. ഇതിനു മുന്നോടിയായി സമരം ഒഴിവാക്കുന്നതിനാണ് 24ന് ചര്‍ച്ച നടത്താമെന്ന് പറയുന്നത്. ഇത് സംശയാസ്പദമാണെന്നാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. സമരം ചെയ്തിട്ടും 24ന് ചർച്ചക്ക് വിളിച്ചാൽ പോകാൻ തയാറാണെന്നും ഭാരവാഹികൾ പറഞ്ഞു.
ബ്രഹ്മഗിരി സൊസൈറ്റിയുടെ വിവിധ പദ്ധതികളിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തവര്‍ രൂപവത്കരിച്ചതാണ് ബ്രഹ്മഗിരി വിക്ടിംസ് ആക്ഷന്‍ കമ്മിറ്റി. പാർട്ടി സംസ്ഥാന നേതൃത്വം ഉൾപ്പെടെയുള്ളവർ ഇടപെട്ട് മാസങ്ങൾ നീണ്ട ചർച്ച നടത്തിയിട്ടും പരിഹാരമുണ്ടാവാത്തതിനെ തുടർന്നാണ് നിക്ഷേപകർ പരസ്യമായി സമരത്തിനിറങ്ങാൻ തീരുമാനിച്ചത്. ആദ്യഘട്ടമെന്ന നിലക്കാണ് ബ്രഹ്മഗിരി വിക്റ്റിംസ് ആക്ഷൻ കമ്മിറ്റി ബഹുജ മാർച്ച് നടത്താൻ തീരുമാനിച്ചത്.
നിലവിൽ 88 കോടി രൂപയുടെ ബാധ്യതയാണ് സൊസൈറ്റിക്കുള്ളത്. ഇതിൽ 68 കോടിയോളം രൂപയാണ് നിക്ഷേപകർക്ക് നൽകാനുള്ളത്. 2022 ജൂൺ മുതലുള്ള ഇവരുടെ പലിശയും മുടങ്ങിയിട്ടുണ്ട്. നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുകക്ക് പുറമെ ബാങ്കുകളിൽ നിന്ന് 10 കോടി രൂപയോളം വായ്പ എടുത്തിരുന്നു. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ശമ്പള ഇനത്തിലും വൻ ബാധ്യത സൊസൈറ്റിക്കുണ്ട്.
ഫാക്ടറി പ്രവർത്തനം ഏതാണ്ട് നിലക്കുകയും മാസങ്ങളായി നിക്ഷേപകർക്ക് പലിശ പോലും ലഭിക്കാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. ഇതേതുടർന്നാണ് വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെയും ബംഗളൂരുവിലെയും അറുന്നൂറിലധികം വരുന്ന നിക്ഷേപകർ പാർട്ടി നേതൃത്വത്തെ സമീപിച്ചത്. ഒരു ലക്ഷം മുതൽ 50 ലക്ഷം വരെ നിക്ഷേപിച്ചവർ ഇക്കൂട്ടത്തിലുണ്ട്. ഒമ്പത് മുതൽ 11 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപകരിൽ നിന്ന് സൊസൈറ്റി പണം സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.