ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ മുന്നേറി സ്ഥാനാർഥികൾ ; ഇ-പോര് മുറുകി
text_fieldsകൽപറ്റ: വിധി എഴുതാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകി. വോട്ടുറപ്പിക്കാനും ജനമനസ്സിൽ ഓളമുണ്ടാക്കാനും പതിവ് പ്രചാരണ പരിപാടികൾക്ക് ഒപ്പം മാറിയ കാലത്തിെൻറ മുഖമായ നവമാധ്യമങ്ങളെയും മറ്റു ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും നന്നായി വിനിയോഗിക്കുകയാണ് പാർട്ടികളും സ്ഥാനാർഥികളും.
ജില്ലയിലെ മുഴുവൻ സ്ഥാനാർഥികളും വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ സജീവമാണ്. യുവതലമുറയെ ആകർഷിക്കാൻ പഞ്ച് ടീസറുകളും ഡയലോഗുകളും ഉൾപ്പെടുത്തിയ പോസ്റ്ററുകളുടെ പ്രളയമാണ് നവമാധ്യമങ്ങളിൽ. സ്ഥാനാർഥികളുടെ പ്രചാരണത്തിെൻറ വിഡിയോകളും ഫോട്ടോകളും എഡിറ്റ് ചെയ്ത് കളർഫുളാക്കി വോട്ടർമാരുടെ മനസ്സിലേക്ക് പോസ്റ്റ് ചെയ്യുകയാണ്.
ഓരോ പ്രായക്കാരുടെയും അഭിരുചിക്കനുസരിച്ചുള്ള പോസ്റ്ററുകളും വിഡിയോകളും തയാറാക്കാനായി മുന്നണികൾക്ക് പ്രത്യേക വാർ റൂമുകളും സജ്ജമാണ്. സൈബർ വിദഗ്ധരും പ്രഫഷനലുകളും ഉൾപ്പെടുന്ന പി.ആർ സംഘവും പ്രവർത്തിക്കുന്നുണ്ട്. ഇവർ തയാറാക്കുന്ന പോസ്റ്ററുകളും വിഡിയോകളും വാട്സ്ആപ്പ് സ്റ്റാറ്റസുകളായും ഗ്രൂപ്പുകളിലും വൻതോതിലാണ് പ്രചരിക്കുന്നത്. യുവതലമുറയെ ആകർഷിക്കാൻ പ്രത്യേക പരസ്യ വിഡിയോകളും തയാറാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയകളിലെ സ്ഥാനാർഥികളുടെ ഫോട്ടോക്കും വിഡിയോകൾക്കും ലഭിക്കുന്ന ലൈക്കുകളും കമൻറുകളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർഥികളും പാർട്ടികളും. സിനിമ പോസ്റ്ററുകളെ വെല്ലുന്ന തരത്തിലാണ് മൾട്ടി കളർ പോസ്റ്ററുകൾ ഡിസൈൻ ചെയ്ത് പോസ്റ്റ് ചെയ്യുന്നത്. ഇതിനായി പഞ്ച് ഡയലോഗുകളും ഫോട്ടോഷൂട്ടിനെ വെല്ലുന്ന ഫോേട്ടാകളും ഉപയോഗിക്കുന്നു. സിനിമ ഡയലോഗുകൾ അടർത്തിമാറ്റി സ്ഥാനാർഥികൾക്കായി ഉപയോഗിക്കുന്ന സൈബർ പോരാളികളും രംഗത്തുണ്ട്.
എൽ.ഡി.എഫ് മുന്നണി സംസ്ഥാന സർക്കാറിെൻറ വികസന നേട്ടങ്ങളുയർത്തിയാണ് പ്രചാരണം നടത്തുന്നത്. ഉറപ്പാണ് ഇടതുപക്ഷം, ഉറപ്പാണ് ശ്രേയാംസ്, മനം നിറഞ്ഞ് മാനന്തവാടി, നാട് കേളുവേട്ടനൊപ്പം, ബത്തേരി മാറും കേരളത്തിനൊപ്പം തുടങ്ങിയ ഹാഷ് ടാഗുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
നാട് നന്നാകാൻ യു.ഡി.എഫ്, മണ്ണറിഞ്ഞ് മനസ്സറിഞ്ഞ് സിദ്ദിഖ്, എന്ന ഹാഷ് ടാഗോടെയാണ് യു.ഡി.എഫ് സ്ഥാനാർഥികളുടെ ഡിജിറ്റൽ പ്രചാരണം. എൻ.ഡി.എ ഇപ്പോഴും ഡിജിറ്റൽ പ്രചാരണത്തിൽ സജീവമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.