വാഗ്ദാനങ്ങളുമായി സ്ഥാനാർഥികൾ പ്രതീക്ഷയോടെ തോട്ടം തൊഴിലാളികൾ
text_fieldsപൊഴുതന: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ നിർണായക മേഖലകളിൽ വോട്ടുറപ്പിക്കാനുള്ള സ്ഥാനാർഥികളുടെ പരക്കംപാച്ചിൽ തുടരുന്നു.
തോട്ടം മേഖലയിൽ ഇക്കുറിയും സ്ഥാനാർഥികൾ വാഗ്ദാനപ്പെരുമഴയാണ് ചൊരിയുന്നത്. വേതനവർധന, ഭൂമി, വീട് തുടങ്ങിയവയൊക്കെയാണ് പാടികളും തൊഴിലിടങ്ങളും സന്ദർശിക്കുന്ന സ്ഥാനാർഥികൾ നൽകുന്ന ഉറപ്പ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തോട്ടം തൊഴിലാളികൾക്ക് വലിയ പ്രതീക്ഷകളാണ് മുന്നണികൾ നൽകിയത്.
താമസിക്കുന്ന പാടികൾക്ക് പകരം ഫ്ലാറ്റ്, മിനിമം 500 രൂപ കൂലി തുടങ്ങിയവ വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. ഇതിനെതിരെ തൊഴിലാളികൾക്കിടിയിൽ പ്രതിഷേധമുണ്ട്.
ഇത്തവണ പരിഹാരമാകുമെന്നാണ് സ്ഥാനാർഥികളുടെയും പാർട്ടികളുടെയും ഉറപ്പ്. അതേസമയം, കാലങ്ങളായി വോട്ട് നൽകുന്ന ജനപ്രതിനിധികളിൽ പലരും തങ്ങളുടെ ദുരവസ്ഥ പരിഹരിക്കാൻ ശ്രമിക്കാറിെല്ലന്നാണ് തൊഴിലാളികൾ പറയുന്നത്. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ തേയില നുള്ളിയാൽ 310 രൂപ മാത്രമാണ് ലഭിക്കുന്നത്.
ഇടുങ്ങിയ പാടിമുറികളിൽ താമസിക്കുന്ന പലർക്കും സ്വന്തമായി വീടില്ല. ഇരുപതും മുപ്പതും വർഷം എസ്റ്റേറ്റിൽ ജോലി ചെയ്ത് പിരിയുന്നവർക്കുള്ള ഗ്രാറ്റ്വിറ്റി അടക്കമുള്ള ആനുകൂല്യം പോലും ലഭിക്കാൻ പ്രയാസപ്പെടുകയാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ളവരാണ് വിജയിക്കേണ്ടതെന്ന് തൊഴിലാളികൾ പറയുന്നു.
ജില്ലയിലെ ഏറെ നിർണായകമായ തോട്ടം മേഖലകളാണ് മേപ്പാടി, പൊഴുതന, വൈത്തിരി, കൽപറ്റ, അരപ്പറ്റ പ്രദേശങ്ങൾ. കൽപറ്റ മണ്ഡലത്തിൽ മാത്രം ആയിരത്തോളം തോട്ടം തൊഴിലാളി കുടുംബങ്ങളാണ് താമസിക്കുന്നത്.
വൻകിട എസ്റ്റേറ്റുകളായ ഹാരിസൺ, പോഡാർ, പീ.വീസ്, എ.വി.ടി എന്നീ കമ്പനികൾക്ക് കീഴിലാണ് ഇവർ തൊഴിലെടുക്കന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.