തൊഴിലധിഷ്ഠിത കോഴ്സുകൾ; വയനാട് ജില്ലയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കും
text_fieldsകൽപറ്റ: ജില്ലയിൽ കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ലഭ്യമാക്കി വിദ്യാർഥികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കലക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നൈപുണ്യ വികസനസമിതി യോഗം തീരുമാനിച്ചു. ജില്ലയിലുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ സ്കില്‍ ഡെവലപ്മെന്റ് പ്രോജക്ടുകള്‍ ഒരു കുടക്കീഴില് കൊണ്ടുവരും. തൊഴില്‍ സാധ്യതകള്‍ ഉയര്‍ന്ന കോഴ്സുകള്‍ ഇതിനായി അനുവദിക്കും.
ആസ്പിരേഷനൽ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ഭാഗമായി ‘സങ്കല്പ്’ സ്കീമില്‍ ഉള്‍പ്പെടുത്തി ജില്ലക്ക് അനുവദിച്ച 16.67 ലക്ഷം രൂപ വിനിയോഗിക്കും. ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന് കോഴ്സ് 40 കുട്ടികള്‍ക്ക് പ്ലേസ്മെന്റ് നല്‍കാമെന്ന ഉറപ്പോടെ സൗജന്യമായി നല്‍കും. ടെലികോം സെക്ടര്‍ സ്കില്‍ കൗണ്‍സിലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒക്ടോബറോടെ കുട്ടികള്‍ക്ക് പ്ലേസ്മെന്റ് ലഭ്യമാക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.
സർക്കാർ അംഗീകൃത ഏജന്‍സികളുടെ അംഗീകാരമുള്ള കോഴ്സുകളാണ് നടപ്പാക്കുക. നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന്റെ (എന്‍.ഐ.സി) സഹായത്തോടെ വെബ് പേജുകള്‍ വികസിപ്പിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. സ്കില്‍ ഡെവലപ്മെന്റ് കോഴ്സുകളിലേക്ക് കുട്ടികളെ എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കും.
ബ്ലോക്ക് തലത്തിലുള്ള സംവിധാനങ്ങളെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി കാര്യക്ഷമമായി സ്കില്‍ ഡവലപ്മെന്റ് പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കും. ഇതിനായി ജില്ലയില്‍ ബ്ലോക്ക് തല സ്കില്‍സഭ സംഘടിപ്പിക്കും. ഡെപ്യൂട്ടി ജില്ല പ്ലാനിങ് ഓഫിസര്‍ പി.വി. അനില്‍, ജില്ല സ്കില്‍ കോഓഡിനേറ്റര്‍ വരുണ്‍ മാടമന, മഹാത്മാഗാന്ധി നാഷനല്‍ ഫെലോ കെ.എച്ച്. അന്‍വര്‍ സാദത്ത്, കമ്മിറ്റി അംഗങ്ങളായ ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.