സി.ബി.എസ്.ഇ: തോൽവിയില്ലാതെ വയനാട്
text_fieldsകൽപറ്റ: സി.ബി.എസ്.ഇ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ഫലം പുറത്തുവന്നപ്പോൾ വയനാട്ടിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളും വിജയിച്ചു. ആകെ 28 സി.ബി.എസ്.ഇ സ്കൂളുകളാണ് ജില്ലയിലുള്ളത്. ജില്ലയിലെ എല്ലാ സ്കൂളുകളും നൂറുശതമാനം വിജയം നേടി. 10ാം ക്ലാസ് പരീക്ഷ 802 കുട്ടികളും 12ാം ക്ലാസ് പരീക്ഷ 404 കുട്ടികളുമാണ് എഴുതിയത്.
ചരിത്രമാവർത്തിച്ച് ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ
സുൽത്താൻ ബത്തേരി: സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ തുടർച്ചയായി 23ാം തവണയും 100 ശതമാനം വിജയം നേടി സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ. 96 ശതമാനം മാർക്കു നേടി മിസ്രിയ ഫർഹാന സ്കൂളിൽ ഒന്നാമതായി.
നൂറ ഐൻ അമീർ, ആയിഷ നൈല, മിൻഹ ജിബിൻ, മിസ്രിയ ഫർഹാന എന്നീ വിദ്യാർഥികൾ മലയാളത്തിൽ മുഴുവൻ മാർക്കും നേടി. 77 ശതമാനം വിദ്യാർഥികൾ ഡിസ്റ്റിങ്ഷനോടെയാണ് ഉപരിപഠനത്തിന് അർഹത നേടിയത്. എട്ട് വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.
പ്രിൻസിപ്പൽ കെ.എം. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഒ. അഷ്റഫ്, അധ്യാപകരായ എം.ആർ. സിന്ധു, റിൻസി മാത്യു, ബി. ശ്രുതി, ടിനു രാജൻ, കെ.ആർ. രേഷ്മ, റനീഷ മുനീർ, മാനസ രവീന്ദ്രൻ, വി.എം. ഫാത്തിമ, കൗൺസിൽ അംഗങ്ങളായ സുമ ഫിലിപ്പ്, യു.എ. ഷാദിയ എന്നിവർ സംസാരിച്ചു. തിളക്കമാർന്ന വിജയം നേടിയ വിദ്യാർഥികളെയും അധ്യാപകരെയും മാനേജ്മെന്റ് കമ്മിറ്റി അഭിനന്ദിച്ചു.
പതിമൂന്നാം തവണയും എം.സി.എഫിന് നൂറു ശതമാനം
കൽപറ്റ: പത്താം ക്ലാസ് പരീക്ഷയിൽ എം.സി.എഫ് പബ്ലിക് സ്കൂൾ 13ാം തവണയും 100 ശതമാനം വിജയം നേടി. പരീക്ഷ എഴുതിയവരിൽ നാലു പേർക്ക് 90 ശതമാനത്തിനു മുകളിലും 16 പേർക്ക് ഡിസ്റ്റിങ്ഷനും 11 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. വിജയികളെ മാനേജ്മെന്റും പി.ടി.എയും സ്റ്റാഫും അനുമോദിച്ചു.
അനുമോദന യോഗത്തിൽ പ്രിൻസിപ്പൽ ജെ.ജെ. നീതു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സുനിത ശ്രീനിവാസ്, പി.ടി.എ പ്രസിഡന്റ് ഒ.കെ. സക്കീർ, എം.സി.എഫ് സെക്രട്ടറി മുസ്തഫ ഫാറൂഖി, മുഹമ്മദ് നജീബ് തന്നാനി, അൽത്താഫ്, മുഹമ്മദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
ഡബ്ല്യു.എം.ഒ ഗ്രീൻമൗണ്ടിന് നേട്ടം
കൽപറ്റ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി പതിനാലാം തവണയും നൂറു ശതമാനം വിജയം നേടി ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ പടിഞ്ഞാറത്തറ.
എല്ലാ വിഷയങ്ങളിലും A 1 നേടിയ ആര്യ ലക്ഷ്മി സ്കൂൾ ടോപ്പറായി.
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന പടിഞ്ഞാറത്തറ ഗ്രീൻ മൗണ്ട് സ്കൂൾ കഴിഞ്ഞ പതിനാല് വർഷമായി വയനാട് മുസ്ലിം ഓർഫനേജിന് കീഴിലുള്ള ജില്ലയിലെ ശ്രദ്ധേയമായ സ്കൂളാണ്.
വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ മാനേജ്മെന്റ്, പി.ടി.എ കമ്മിറ്റി അഭിനന്ദിച്ചു.
ഒന്നുമില്ലായ്മയിൽനിന്ന് നൂറുമേനി; അച്ചൂർ സ്കൂളിന്റേതാണ് നേട്ടം
അച്ചൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഒരു കാലത്ത് സംസ്ഥാനതലത്തിൽതന്നെ ഏറ്റവും പിറകിലായിരുന്നു അച്ചൂർ ഗവ. ഹൈസ്കൂളിന്റെ സ്ഥാനം. തോട്ടം മേഖലയായ ഇവിടം തീർത്തും സാധാരണക്കാരുടെയും തോട്ടം തൊഴിലാളികളുടെയും മക്കളാണ് പഠിക്കുന്നത്.
എന്നാൽ, നാടും അധ്യാപകരും ഒത്തുപിടിച്ചപ്പോൾ ജി.എച്ച്.എസ് അച്ചൂരിന് അഭിമാനവിജയമാണ് തുടർച്ചയായി ഉണ്ടാകുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന എസ്.എസ്.എൽ.സി പരീക്ഷയിലും നൂറുശതമാനമാണ് സ്കൂൾ കൊയ്തത്. ഇത് മൂന്നാംതവണയാണ് സ്കൂൾ എല്ലാവരെയും ഉപരിപഠനത്തിന് അർഹരാക്കുന്നത്.
തോട്ടം തൊഴിലാളികളുടെയും ഗോത്രവർഗത്തിൽപ്പെട്ടവരുടെയും ഏക ആശ്രയമാണ് പൊഴുതന പഞ്ചായത്തിലെ ഈ വിദ്യാലയം. നിലവിൽ ഒന്നു മുതൽ പ്ലസ് ടു വരെ വിവിധ ക്ലാസുകളിലായി അഞ്ഞൂറോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷമായി നൂറു ശതമാനം വിദ്യാർഥികളും വിജയിച്ചുവരുന്നു.
ഈ വർഷം എല്ലാ വിദ്യാർഥികളും ഉയർന്ന ഗ്രേഡ് വാങ്ങി ഉപരിപഠനത്തിന് അർഹത നേടിയതോടൊപ്പം ദിയ നൗറിൻ, ജുമാന ഫാത്തിമ, അഹല്യ, നിവേദ്യ, നിദ മെഹബിൻ എന്നീ വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി സ്കൂളിന് അഭിമാനമായി മാറി. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കുട്ടികളുടെ കൊഴിഞ്ഞുപോക്കും മൂലം 2006 വരെ വിജയ ശതമാനത്തിൽ വളരെ പിന്നിലായിരുന്നു അച്ചൂർ സ്കൂൾ.
ജില്ലയിൽ ആരംഭിച്ച എൻറിച്ച്മെന്റ്, അബക്കസ് അടക്കമുള്ള വിവിധ വിദ്യാഭ്യാസ പദ്ധതികളുടെ പ്രവർത്തനം, സ്മാർട്ട് ക്ലാസ് റൂം, ലാബ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ, നിരന്തര പരീക്ഷകൾ, രാവിലെയും വൈകീട്ടുമുള്ള പ്രത്യേക ക്ലാസ്, രാത്രികാല ക്ലാസ്, പി.ടി.എ നൽകുന്ന ക്ലാസുകൾ, ഗൃഹസന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളാണ് സ്കൂളിനെ മുന്നിലെത്തിച്ചതെന്ന് പ്രധാനാധ്യാപകൻ കെ.കെ. സന്തോഷ്, പി.ടി.എ പ്രസിഡന്റ് ശശി അച്ചൂർ എന്നിവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.