സിമന്‍റ് വില കുത്തനെ ഉയരുന്നു; കെട്ടിട നിർമാണ മേഖലയിൽ പ്രതിസന്ധി
text_fieldsകൽപറ്റ: അംഗീകൃത സിമന്‍റ് നിർമാതാക്കൾ ഒരു കാരണവുമില്ലാതെ വില കുത്തനെ ഉയർത്തുന്നത് ജില്ലയിൽ വീട് നിർമാണം ഉൾപ്പെടെയുള്ള കെട്ടിട നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു.
സിമന്‍റിന് കുത്തനെ വില വർധിച്ചതോടെ വിപണിയിൽ കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണെന്നും ഇതിന്‍റെ മറവിൽ ഗുണനിലവാര പരിശോധനയൊന്നും നടത്താത്ത പേരുപോലുമില്ലാത്ത ലോക്കൽ സിമന്‍റുകൾ വ്യാപകമായി എത്തുകയാണെന്നും കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
അൾട്രാടെക്, എ.സി.സി, ചെട്ടിനാട്, രാംകോ, ശങ്കർ തുടങ്ങിയ പ്രമുഖ സിമന്‍റ് ബ്രാൻഡുകളുടെയെല്ലാം വില കഴിഞ്ഞ ഒരാഴ്ചക്കിടെ 60 രൂപ മുതൽ 90 രൂപവരെയാണ് കുത്തനെ ഉയർത്തിയത്.
കഴിഞ്ഞയാഴ്ച ജില്ലയിൽ ഇത്തരം കമ്പനികളുടെ ഒരു ചാക്ക് സിമന്‍റിന് 390 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 480 രൂപയോളമായെന്നും ഇവർ പറയുന്നു. ഒരു കാരണവുമില്ലാതെ സിമന്‍റിന്‍റെ വില ഉയർന്നതോടെ വീട് നിർമാണത്തിന് ഉൾപ്പെടെ ഒരു ചതുരശ്ര അടിയുടെ നിർമാണ ചെലവ് നിരക്കിൽ 30 രൂപ വർധിപ്പിക്കേണ്ടിവന്നതായും ഇവർ പറഞ്ഞു. ജില്ലയിൽ മണലിന് ഒരടിക്ക് 60 രൂപ മുതൽ 70 രൂപ വരെയാണ് വില. കല്ലിന് 150 അടിക്ക് 7500 രൂപയും വരും.
ഇത്തരം നിർമാണ സാമഗ്രികളുടെ വില കൂടുന്നതിനൊപ്പം സിമന്‍റിനും വില കൂടുന്നത് സാധാരണക്കാരെയും നിർമാണ മേഖലയെയും പ്രതിസന്ധിയിലാക്കുകയാണ്. ഇതോടൊപ്പം ഒരു പരിശോധനയുമില്ലാതെ പേരില്ലാതെ, ചാക്കുകളിലായുള്ള സിമന്‍റും ഏജന്റുമാർ മുഖേന ജില്ലയിൽ വിൽപന നടക്കുന്നുണ്ട്. ഇത് പരിശോധിക്കാനും നടപടിയില്ല.
സിമന്‍റിന്‍റെ വിലവർധനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായ നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി ഒക്ടോബർ പത്തിന് വൈകീട്ട് അഞ്ചിന് കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ ടൗണുകളിൽ സായാഹ്ന ധർണ നടത്തും.
സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് കൂടുതൽ ശക്തമായ സമരവും നടത്തും. സംഘടന ജില്ല പ്രസിഡന്‍റ് രാജേഷ് പുൽപള്ളി, സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഹൈദ്രു, ജില്ല ട്രഷറർ സുകുമാരൻ മീനങ്ങാടി, ജില്ല സെക്രട്ടറി പി.സി. സോജൻ, സംസ്ഥാന കമ്മിറ്റി അംഗം ജി.ആർ. സുബ്രഹ്മണ്യൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.