അതിതീവ്ര മഴക്ക് സാധ്യത, ജാഗ്രത നിർദേശം
text_fieldsകൽപറ്റ: വയനാട്ടിൽ വരാൻ പോകുന്നത് അതിതീവ്ര മഴ. നിലവിൽ റെഡ് അലർട്ട് ഉണ്ടായിരുന്ന വയനാട് ജില്ലയിലെ മഴയുടെ തോത് അതിശക്തമായ മഴയിൽ നിന്നും അതിതീവ്രമായ മഴയിലേക്ക് മാറിയിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണുള്ളത്. 24 മണിക്കൂറിൽ 204.4 മി.മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതു കൊണ്ട് അർഥമാക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തവും അതിശക്തവുമായ മഴക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ല ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കൂടുതൽ മഴ മാനന്തവാടി താലൂക്കിൽ
മാനന്തവാടി: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും അധികം മഴ പെയ്തത് മാനന്തവാടി താലൂക്കിലാണെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുകൾ. തൊണ്ടർനാട് പഞ്ചായത്തിലെ തേറ്റമല, മക്കിയാട്, കുഞ്ഞോം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ ആലാറ്റിൽ, വട്ടോളി, തവിഞ്ഞാൽ എന്നിവിടങ്ങളിലാണ് അതിതീവ്ര മഴ രേഖപ്പെടുത്തിയത്.
ജില്ലയില്‍ 42 ദുരിതാശ്വാസ ക്യാമ്പുകള്‍
കൽപറ്റ: ജില്ലയില്‍ ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെ പ്രദേശവാസികളെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി. മൂന്ന് താലൂക്കുകളിലായി 42 ക്യാമ്പുകളാണ് തുറന്നത്. 682 കുടുംബങ്ങളില്‍ നിന്നായി 2281 പേരാണ് ഇവിടെ കഴിയുന്നത്. ചുവപ്പ് ജാഗ്രത പട്ടികയില്‍ ഉള്‍പ്പെട്ട വയനാട്ടില്‍ ബുധനാഴ്ച രാത്രിയിലും മഴ കനത്തതോടെയാണ് പുഴകളിലേക്കും ജലാശയങ്ങളിലേക്കും വന്‍ തോതില്‍ ജലമൊഴുക്ക് തുടങ്ങിയത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ 953 സ്ത്രീകളും 839 പുരുഷന്മാരും 489 കുട്ടികളുമാണുള്ളത്. ഇവര്‍ക്കു പുറമേ 111 പേരെ ബന്ധുവീട്ടിലേക്ക് മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. പനമരം ഹൈസ്കൂളിലെ ക്യാമ്പിലാണ് ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ കഴിയുന്നത്. 30 കുടുംബങ്ങളില്‍ നിന്നുള്ള 105 പേരെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മാനന്തവാടി താലൂക്കിലാണ് കൂടുതൽ ക്യാമ്പുകൾ മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ 29 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 125 കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. പ്രാഥമിക കണക്കെടുപ്പില്‍ 125 ഹെക്ടര്‍ കൃഷി നശിച്ചു.
കല്ലൂര്‍ ഹൈസ്കൂള്‍, മുത്തങ്ങ ജി.എല്‍.പി. സ്കൂള്‍, ചെട്ട്യാലത്തൂര്‍ അംഗൻവാടി, കല്ലിന്‍കര ഗവ. യു.പി സ്കൂള്‍, നന്ദന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, കോളിയാടി മാര്‍ ബസേലിയോസ് സ്കൂള്‍, പൂതാടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പറളിക്കുന്ന് ഡബ്ല്യൂ.ഒ.എല്‍.പി സ്കൂള്‍, തരിയോട് ജി.എല്‍.പി സ്കൂള്‍, ജി.എച്ച്.എസ്.എസ് പനമരം, അമൃത വിദ്യാലയം, കമ്മന നവോദയ സ്കൂള്‍, ഹില്‍ ബ്ലൂംസ് മാനന്തവാടി, എന്‍.എം.എല്‍.പി സ്കൂള്‍, ഗാന്ധി മെമ്മോറിയല്‍ യു.പി സ്കൂള്‍, ചെട്ട്യാലത്തൂര്‍ ജി.എല്‍.പി സ്കൂള്‍, തരുവണ ഗവ. എച്ച്.എസ് തുടങ്ങിയവടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രളയ പ്രദേശങ്ങൾ സന്ദർശിച്ചു
മുള്ളൻകൊല്ലി: പഞ്ചായത്ത് പെരിക്കില്ലൂർ കടവ് പ്രദേശത്ത് കബനി നദി കരകവിഞ്ഞ് വെള്ളം ക്രമാതീതമായതിനെ തുടർന്ന് വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രദേശത്തെ വീടുകളിലും കബനി നദിയുടെ ഓരങ്ങളിലും മുള്ളൻകൊല്ലി പഞ്ചായത്ത് മെംബർ പി.എസ്. കലേഷിന്റെ നേതൃത്വത്തിൽ പുൽപള്ളി വില്ലേജ് ഓഫിസർ സാലി മോൾ സ്പെഷ്യൽ വില്ലേജ് ഓഫിസർ ധനേഷ് എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ശക്തമായ മഴ നിലനിൽക്കുകയാണെങ്കിൽ ഈ പ്രദേശത്തെ ജനങ്ങളെ ക്യാമ്പിലേക്ക് മാറ്റുവാനുള്ള എല്ലാവിധക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്ന് വില്ലേജ് ഓഫിസർ വ്യക്തമാക്കി.
കൽപറ്റ: കാലവർഷത്തെ തുടർന്ന് മുണ്ടേരി, മണിയങ്കോട്, നെടുനിലം ഉൾപ്പെടെയുള്ള വെള്ളം കയറിയ പ്രദേശങ്ങൾ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ സന്ദർശിച്ചു. കൽപറ്റ നഗരസഭ ചെയർമാൻ ടി.ജെ. ഐസക്, ആർ. രാജൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പീസ് വില്ലേജ് റോഡ് പൂർണമായും തകർന്നു
വെങ്ങപ്പള്ളി: കനത്ത മഴയിൽ വെങ്ങപ്പള്ളി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍പ്പെട്ട പീസ് വില്ലേജ് - പുഴക്കല്‍ റോഡിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. റോഡിന്റെ ഒരു ഭാഗവും റോഡിനെ സംരക്ഷിച്ചു കൊണ്ടുള്ള കരിങ്കല്‍ ഭിത്തിയും കഴിഞ്ഞ ദിവസം പുഴയിലേക്ക് ഇടിഞ്ഞുവീണിരുന്നു. പതിനഞ്ചോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണിത്. റോഡിനോട് ചേര്‍ന്നുള്ള വീട് പൂര്‍ണമായും അപകട ഭീഷണിയിലായി. പീസ് വില്ലേജിനുള്ളിലേക്ക് വെള്ളം കയറി.
വീടിന്റെ സംരക്ഷണഭിത്തിയും മതിലും ഇടിഞ്ഞുവീണു
പിലാക്കാവ്: സംരക്ഷണ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. പിലാക്കാവ് സ്വദേശി വടക്കന്‍ റംലയുടെ വീടിന്റെ സംരക്ഷണഭിത്തിയും മതിലും ഇടിഞ്ഞു വീണാണ് വീട് അപകടാവസ്ഥയിലായത്. ദിവസങ്ങള്‍ക്ക് മുമ്പ് നിമാണം പൂര്‍ത്തിയാക്കി കയറിക്കൂടിയ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ചുറ്റുമതിലടക്കം ഇടിഞ്ഞ് വീണത്. ഇവരുടെ വീടിന്റെ താഴ്ഭാഗത്തുള്ള അഷ്റഫ് എന്ന വ്യക്തിയുടെ ക്വാര്‍ട്ടേഴ്സിന്റെ പരിസരത്തേക്കാണ് ഇവ വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.