ആദിവാസി വയോധികനെ വീട് അനുവദിക്കാതെ കബളിപ്പിക്കുന്നു; മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി
text_fieldsകൽപറ്റ: വീട് തരാമെന്ന് പറഞ്ഞ് ആദിവാസി വയോധികനെ അധികൃതർ പത്തു വർഷത്തിലധികമായി കബളിപ്പിക്കുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കൽപറ്റ പട്ടികവർഗ വികസന ഓഫിസർ, തവിഞ്ഞാൽ പഞ്ചായത്ത് സെക്രട്ടറി എന്നിവരോട് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
വാളാട് പേര്യ കാലിമന്നം ആദിവാസി കോളനിയിലെ തകരപ്പാടി രാമകൃഷ്ണൻ എന്ന അറുപതുകാരനാണ് ഭാര്യക്കും മകനുമൊപ്പം ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന വീട്ടിൽ താമസിക്കുന്നത്. 1981ൽ സർക്കാർ പതിച്ചു നൽകിയ ഭൂമിയിലാണ് രാമകൃഷ്ണനും കുടുംബവും താമസിക്കുന്നത്. 20 വർഷം മുമ്പ് പഞ്ചായത്ത് നൽകിയ 35,000 രൂപയുടെ ധനസഹായത്താൽ നിർമിച്ച വീടിെൻറ ഭിത്തിയും മേൽക്കൂരയും തകർന്നുവീണു.
പുതിയ വീടിന് 10 വർഷമായി അപേക്ഷ നൽകി കാത്തിരിക്കുകയാണ് കുടുംബം. ലൈഫ് മിഷനിൽ അപേക്ഷ നൽകിയിട്ടും ഒരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചില്ലെന്ന് രാമകൃഷ്ണെൻറ മകൻ ശ്രീജിത്ത് പറയുന്നു. രാമകൃഷ്ണൻ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനം അന്വേഷിക്കാനാണ് കമീഷൻ ഉത്തരവ്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.