ക്രിസ്മസ്-പുതുവത്സര വിപണി; ഭക്ഷ്യസുരക്ഷ പരിശോധന കര്‍ശനമാക്കുന്നു
text_fieldsകൽപറ്റ: ജില്ലയില്‍ ക്രിസ്മസ്-പുതുവത്സര സീസണുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കര്‍ശനമാക്കുന്നു. ഭക്ഷ്യ സുരക്ഷ ലൈസന്‍സ്/രജിസ്ട്രേഷന് എടുക്കാത്ത ഒരു സ്ഥാപനവും ജില്ലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ലെന്ന് ഭക്ഷ്യ സുരക്ഷാ അസി. കമീഷണര്‍ സി.വി. വിജയന് അറിയിച്ചു.
എല്ലാ ഭക്ഷ്യ ഉല്പാദക-വിതരണ, വില്പന സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന് നിര്‍ബന്ധമായും എടുക്കണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമമനുസരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കും. വീടുകള്‍ കേന്ദ്രീകരിച്ച് കേക്ക് നിർമിച്ച് വില്‍പ്പന നടത്തുന്നവര്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സ്/രജിസ്ട്രേഷന് നിര്‍ബന്ധമായും എടുത്തിരിക്കണം.
കോവിഡ് - 19 /ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. ഉപഭോക്താക്കള്‍ തുറന്നു വെച്ചതോ ഈച്ച, പാറ്റ, പൊടി മുതലായവ മലിനപ്പെടുത്തിയതോ, വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്യുന്നതോ, വിതരണം ചെയ്യുന്നതോ ആയ ആഹാര സാധനങ്ങള്‍ ഉപയോഗിക്കരുത്. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂവെന്നും അധികൃതർ ആവശ്യപ്പെട്ടു.
ഭക്ഷ്യസുരക്ഷ വകുപ്പ് നിർദേശങ്ങള്‍
- ഭക്ഷ്യവസ്തുക്കളുടെ നിർമണം, വിതരണം, വില്പന എന്നീ രംഗങ്ങളില്‍ കര്‍ശനമായ വൃത്തി ശുചിത്വ ശീലങ്ങള്‍ പാലിക്കണം.
- ഭക്ഷ്യസുരക്ഷ ലൈസന്‍സ്/രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണം.
- മുറിച്ചുവെച്ച് വിതരണം ചെയ്യുന്ന പഴങ്ങള്‍, തുറന്ന് വെച്ച് വില്പന നടത്തുന്ന ബേക്കറി അടക്കമുളള ഭക്ഷ്യഉൽപന്നങ്ങള് ഈച്ച, പൊടി മുതലായവ മലിനപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണം.
- പായ്ക്കറ്റ് ഭക്ഷണത്തിന്റെ പുറത്ത് കര്‍ശനമായ ലേബല്‍ വ്യവസ്ഥകള്‍ പാലിക്കണം.
- സര്‍ബത്ത്, ജ്യൂസ്, ചായ, കാപ്പി മുതലായ പാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെളളവും, ഐസും ശുദ്ധമായ കുടിവെള്ളത്തില്‍ ഉണ്ടാക്കിയവ ആയിരിക്കണം.
- ജീവനക്കാര്‍ കര്‍ശനമായ വൃത്തി ശുചിത്വ ശീലങ്ങളും കോവിഡ് -19 മാർഗനിർദേശങ്ങളും പാലിക്കണം.
- എണ്ണപ്പലഹാരങ്ങളും മറ്റും പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.
- പ്രിന്റഡ് ന്യൂസ് പേപ്പറില്‍ ഭക്ഷ്യ വസ്തുക്കള്‍ പൊതിഞ്ഞ് കൊടുക്കരുത്.
- കുപ്പി വെള്ളവും മറ്റ് പാനീയങ്ങളും വെയില്‍തട്ടുന്ന രീതിയില്‍ സൂക്ഷിക്കാന്‍ പാടില്ല.
പരാതികള്‍ അറിയിക്കാം
ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമീഷണര്‍: 8943346192. കല്പറ്റ ഭക്ഷ്യ സുരക്ഷ ഓഫിസര്‍: 9072639570. സുല്‍ത്താന്‍ ബത്തേരി/മാനന്തവാടി ഭക്ഷ്യസുരക്ഷ ഓഫിസര്‍: 8943346570. ടോള്‍ ഫ്രീ നമ്പര്‍: 1800 425 1125.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.