മീനങ്ങാടിയിൽ കാലാവസ്ഥ സാക്ഷരത പദ്ധതി
text_fieldsകൽപറ്റ: കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങളിലൂടെ മാതൃകയായ മീനങ്ങാടി പഞ്ചായത്ത്, കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് 'നാടിന് വേണ്ടി നാളേക്ക് വേണ്ടി' സാക്ഷരത പരിപാടി നടപ്പാക്കുന്നു.
കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി പ്രതിരോധിക്കാനും ലഘൂകരിക്കാനും ജനങ്ങളെ സജ്ജരാക്കാന്‍ കാലാവസ്ഥ സാക്ഷരത അനിവാര്യമാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഇ. വിനയന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ നടത്തിയ സാമ്പിള്‍ സര്‍വേ ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് സാക്ഷരത പരിപാടി ആസൂത്രണം ചെയ്തത്. കാര്‍ബണ്‍ ന്യൂട്രല്‍ മീനങ്ങാടി പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി. സർവേയിൽ 48 ശതമാനം പേർ അഭിപ്രായപ്പെട്ടത് കാലാവസ്ഥ വ്യതിയാനം ഇല്ലെന്നാണ്.
കാലാവസ്ഥ വ്യതിയാനത്തിന്‍റെ കാരണങ്ങളെക്കുറിച്ചും അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ജനങ്ങൾ ബോധവാന്മാരല്ല എന്നാണ് സർവേ വ്യക്തമാക്കുന്നത്. ഇതാണ് സാക്ഷരത പരിപാടിയിലേക്ക് നയിച്ചത്. എം.വി. ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രസ് ക്ലബില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍ സാക്ഷരത പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.
മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. നസറത്ത്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബേബി വർഗീസ്, ക്ഷേമകാര്യ സമിതി അധ്യക്ഷ ഉഷ രാജേന്ദ്രൻ, വിദ്യാഭ്യാസ സമിതി അധ്യക്ഷൻ പി. വാസുദേവൻ എന്നിവർ സംസാരിച്ചു.
ലക്ഷ്യം
കാലാവസ്ഥയും അതിനുണ്ടാകുന്ന വ്യതിയാനങ്ങളും ശാസ്ത്രീയമായി ജനങ്ങളെ ബോധ്യപ്പെടുത്തൽ * കാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങളും അവ ലഘൂകരിക്കാനുള്ള മാര്‍ഗങ്ങളും ജനങ്ങളുമായി പങ്കുവെക്കൽ
കാലാവസ്ഥ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ജനങ്ങളെ പ്രാപ്തരാക്കൽ
പ്രവർത്തനം
എല്ലാ വാര്‍ഡുകളിലും കാലാവസ്ഥ സാക്ഷരത യോഗങ്ങള്‍ വിളിച്ചുചേർക്കും
പോസ്റ്റര്‍, വിഡിയോ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും
കാലാവസ്ഥ സാക്ഷരത കൈപ്പുസ്തകം പുറത്തിറക്കും
നവ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം
മീനങ്ങാടിയെ ഫിലമെന്‍റ് രഹിത പഞ്ചായത്താക്കും
രണ്ട് വാർഡുകളിൽ നടപ്പാക്കിയ ട്രീ ബാങ്കിങ് പദ്ധതി 19 വാർഡുകളിലും വ്യാപിപ്പിക്കും
പഞ്ചായത്തിൽ എനർജി ഓഡിറ്റിങ് നടത്തും
കാർബൺ ന്യൂട്രൽ കൃഷിരീതി പ്രാവർത്തികമാക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.