രാജു സെബാസ്റ്റ്യനും കുടുംബത്തിനും സഹായവുമായി സി.എം.പി
text_fieldsകൽപറ്റ: കാട്ടാന ആക്രമണത്തിൽ നാലര വർഷമായി തളർന്നുകിടക്കുന്ന വനം വകുപ്പിലെ താൽക്കാലിക വാച്ചറായിരുന്ന രാജു സെബാസ്റ്റ്യനും കുടുംബത്തിനും സി.എം.പിയുടെ സഹായ ഹസ്തം. 2019 ഒക്ടോബർ 18ന് കോളേരിയിലെ സ്വകാര്യ തോട്ടത്തിൽ ഇറങ്ങിയ ആനയെ തുരത്താൻ വനം ഉദ്യോഗസ്ഥർക്കൊപ്പം ഇറങ്ങിയ രാജു ആനയുടെ ആക്രമണത്തിന് ഇരയാകേണ്ടിവന്നതിനെക്കുറിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ആനയുടെ ആക്രമണത്തിൽ സുഷുമ്ന നാഡിയും നട്ടെല്ലും തകർന്ന രാജുവിന് വർഷങ്ങളായി തുടർചികിത്സ നൽകിയിട്ടും ശരീരം തളർന്നുകിടക്കുകയാണ്. കഴിഞ്ഞ ദിവസം രാജുവിന്റെ നടവയൽ നെയ്ക്കുപ്പ കുഴശാലിൽ വീട്ടിലെത്തിയ സി.എം.പി സംസ്ഥാന സെക്രട്ടറിമാരായ സി.എൻ. വിജയകൃഷ്ണൻ, സുരേഷ് ബാബു എന്നിവർ കുടുംബത്തിന് അടിയന്തര സഹായമായി 10,000 രൂപ നൽകി.
മരുന്നടക്കം വാങ്ങാൻ കോഴിക്കോട് എം.വി.ആർ കാൻസർ സെന്റർ വൈസ് ചെയർമാൻ അബ്ദുല്ല കോയ മാസം 5,000 രൂപ നൽകും. രാജുവിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാസംതോറും തുക നൽകാനാണ് തീരുമാനം. നഴ്സിങ് പൂർത്തിയാക്കിയ രാജുവിന്റെ മൂത്ത മകൾക്ക് എം.വി.ആർ കാൻസർ സെന്ററിലേക്ക് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിലവിൽ 4000 രൂപയോളം മാസം മരുന്ന് വാങ്ങാൻ ചെലവ് വരുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലും തുടർന്ന് തിരുവമ്പാടി പുല്ലൂരാംപാറ അൽഫോൺസ ആശുപത്രിയിൽ ഒരു വർഷത്തോളം കിടത്തി ചികിത്സ നൽകി പിന്നീട് വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. അരക്കുതാഴെ തളർന്നുകിടക്കുന്ന രാജുവിന് പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല. വനംവകുപ്പ് യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് നടപ്പാക്കുന്ന ആക്സിഡന്റൽ ഇൻഷുറൻസ് പോളിസിയിൽനിന്ന് ലഭ്യമായ തുക ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്.
ലക്ഷങ്ങൾ ചെലവഴിച്ചതോടെ സാമ്പത്തിക ബാധ്യതയിലാണ് കുടുംബം. ഭാര്യ ഡാൽഫിക്ക് വനം വകുപ്പിൽ താൽക്കാലിക വാച്ചറുടെ ജോലിയിൽനിന്നുള്ള മാസവരുമാനത്തിലാണ് വിദ്യാർഥികളായ മൂന്നു പെൺകുട്ടികളടക്കമുള്ള കുടുംബം ജീവിക്കുന്നത്. രാജു സെബാസ്റ്റ്യൻ, യൂനിയൻ ബാങ്ക് നടവയൽ ബ്രാഞ്ച് അക്കൗണ്ട് നമ്പർ: 3484 220 10000587, ഐ.എഫ്.എസ് കോഡ്: UBl NO 934844.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.