വരൂ, നാലു നാള് നാലു പുറം നന്നാക്കാം
text_fieldsകൽപറ്റ: മഴക്കാലപൂര്‍വ ശുചീകരണത്തിെൻറ ഭാഗമായി ജില്ല ഭരണകൂടത്തിെൻറ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ശുചിത്വമിഷനും ഹരിത കേരള മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'നാലു നാള് നാലു പുറം നന്നാക്കാം' ശുചീകരണ പരിപാടിക്ക് വ്യാഴാഴ്ച ജില്ലയില്‍ തുടക്കമാകും.
കാമ്പയിനിെൻറ ജില്ലതല ഉദ്ഘാടനം രാവിലെ 11ന് തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോം ടൗണ്‍ തോട് വൃത്തിയാക്കി ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും.
ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല മുഖ്യാതിഥിയാകും. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക ഷാജി പങ്കെടുക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി എന്നീ രോഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് കാമ്പയിനിെൻറ ലക്ഷ്യം.
പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങള്‍ മേയ് 27നും 28നും പൊതുസ്ഥാപനങ്ങള്‍, 29ന് തോട്, പുഴ, കുളങ്ങള്‍, 30ന് വീടും പരിസരങ്ങളും എന്നിങ്ങനെയാണ് ശുചീകരണം നടക്കുക.
വാര്‍ഡ് സാനിറ്റേഷന്‍ സമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, ജീവനക്കാര്‍, വിവിധ ക്ലബുകള്‍, വീടുകള്‍, അംഗങ്ങള്‍, സംസ്കാരിക സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
• പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം
• ശുചീകരണത്തിന് മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുക
• വൃത്തിയാക്കിയ അജൈവ മാലിന്യം മാത്രം ഹരിത കര്‍മസേനക്ക് കൈമാറുക
•കൊതുക് പെറ്റുപെരുകുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം
•വീടിെൻറ പരിസരങ്ങളിലെ കുപ്പികള്‍, പാത്രങ്ങള്‍, ചിരട്ടകള്‍, മുട്ടത്തോടുകള്‍, ചെടിച്ചട്ടികള്‍, വീടിെൻറ പാരപ്പറ്റുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം.
•ഉപയോഗശൂന്യമായ ടയറുകള്‍, ഫ്രിഡ്ജ് ട്രേ, ടെറസ്, സണ്‍ഷേഡ്, മരപ്പൊത്ത്, മുളംകുറ്റികള്‍, ഉപയോഗശൂന്യമായ കിണര്‍, മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കുന്ന പാത്രങ്ങള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് ലാര്‍വകള്‍ വളരുന്നില്ലെന്ന് ഉറപ്പുവരുത്തണം
വയനാട്ടിൽ കെട്ടിക്കിടക്കുന്നത് ലോഡ്കണക്കിന് പാഴ്വസ്തുക്കൾ
കൽപറ്റ: ലോക്ഡൗണിനെ തുടർന്ന് ജില്ലയിലെ ആക്ക്രിക്കടകളിൽ കെട്ടിക്കിടക്കുന്നത് ലോഡ്കണക്കിന് പാഴ്വസ്തുക്കൾ. ജില്ലയിൽ 120ഓളം ആക്ക്രിക്കടകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ പത്തെണ്ണം മൊത്ത വ്യാപാര സ്ഥാപനങ്ങളാണ്. ഒരുമാസത്തോളമായി കടകൾ അടഞ്ഞു കിടക്കുന്നതിനാൽ പ്ലാസ്റ്റിക്, പേപ്പർ ഉൽപന്നങ്ങൾ, ഇരുമ്പ് ഉൾപ്പെടെയുള്ള പാഴ്വസ്തുക്കളെല്ലാം കെട്ടിക്കിടക്കുകയാണ്.
പാഴ്വസ്തുക്കളുടെ നീക്കം നിലച്ചതോടെ പലയിടങ്ങളിലായി പറമ്പുകളിലും സംഭരണ കേന്ദ്രങ്ങളിലും ഇവ കെട്ടിക്കിടക്കുകയാണ്. സംസ്കരിക്കാൻ പറ്റുന്ന മാലിന്യങ്ങളെല്ലാം
ശേഖരിച്ച് കൊണ്ടുപോയിരുന്നത് ഇവർ വഴിയാണ്. പാഴ്വസ്തുക്കൾ പലയിടങ്ങളിലും കെട്ടിക്കിടക്കുന്നത് മഴക്കാല പൂർവ ശുചീകരണത്തിനും ഭീഷണിയാകുകയാണ്. ജില്ലയിലെ മൊത്തവ്യാപാര ആക്ക്രികടകളിൽനിന്ന് പ്രതിദിനം ശരാശരി മൂന്നു ലോഡ് പാഴ്വസ്തുക്കളാണ് കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ സംസ്കരണ കേന്ദ്രങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്. ലോക്ഡൗണിനെ തുടർന്ന് ഇത് പൂർണമായും നിലച്ചു.
പാഴ്വസ്തുക്കൾ പറമ്പിലും മറ്റും കെട്ടിക്കിടക്കുന്നത് പരിസ്ഥിതിക്ക് വലിയ ഭീഷണിയാകും. പലതും കൊതു വളർത്തൽ കേന്ദ്രങ്ങളാകും. കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ, ഇത്തരം മാലിന്യം കൃത്യമായി നീക്കിയില്ലെങ്കിൽ രോഗവ്യാപന കേന്ദ്രങ്ങളാകും. കൂടാതെ, പതിനായിരത്തോളം പേർ നേരിട്ടും അല്ലാതെയും ആക്ക്രിക്കടകളെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. അതിഥി തൊഴിലാളികളാണ് ഇവരിൽ ഭൂരിഭാഗവും. ഇവരുടെയെല്ലാം ജീവിതമാർഗം അടഞ്ഞു. നിർമാണവസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിനുവേണ്ട അസംസ്കൃത വസ്തുക്കൾ ഭൂരിഭാഗവും ഈ പാഴ്വസ്തുക്കൾകൊണ്ടാണ് നിർമിക്കുന്നത്. ആക്ക്രിക്കടകൾ അനിശ്ചിതമായി അടഞ്ഞുകിടക്കുന്നത് നിർമാണവസ്തുക്കളുടെ വിലക്കയറ്റത്തിനും കാരണമാകും.
പാഴ്വസ്തു നീക്കത്തിന് അനുമതി നൽകണം
കെട്ടിക്കിടക്കുന്ന പാഴ്വസ്തുക്കൾ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും നീക്കംചെയ്യാൻ അനുമതി നൽകണമെന്ന് കേരള സ്ക്രാപ് മർച്ചൻറ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
മാസങ്ങളായി ലോഡ്കണക്കിന് പാഴ്വസ്തുക്കളാണ് കടകളിൽ കെട്ടിക്കിടക്കുന്നത്. ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരിൽ ഭൂരിഭാഗവും അതിഥി തൊഴിലാളികളാണ്. രണ്ടു ദിവസമെങ്കിലും തുറക്കാൻ അനുമതി നൽകിയാൽ ഇവർക്ക് ജോലിയുണ്ടാകും. കൂടാതെ, മഴക്കാലത്തെ പകർച്ചവ്യാധി രോഗവ്യാപനവും കുറക്കാനാകും. പാഴ്വസ്തുക്കൾ നിയന്ത്രണങ്ങളോടെ നീക്കാൻ അനുമതി നൽകണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.