വർഗീയത രാജ്യത്തിന് നൽകുന്നത് നഷ്ടങ്ങൾ മാത്രം -എം.ഐ. അബ്ദുൽ അസീസ്
text_fieldsകൽപറ്റ: മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങൾ വർധിച്ചുവരുകയാണെന്നും വർഗീയതയും വിഭാഗീയതയുമെല്ലാം രാജ്യത്തിന് നൽകുന്നത് നഷ്ടങ്ങൾ മാത്രമാണെന്നും ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. പീപ്ൾസ് ഫൗണ്ടേഷൻ പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വയനാട് ജില്ല കുടുംബ സംഗമം 'സ്നേഹക്കൂട്ട്' കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി-മത ഭേദമെന്യേ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരുടെ ലക്ഷ്യം ചോദ്യംചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇതിനെ ചെറുക്കാൻ മുഴുവൻ മനുഷ്യസ്നേഹികളുടെയും ഐക്യമാണ് ഉണ്ടാവേണ്ടത്. മറ്റുള്ളവർക്കുവേണ്ടി ഓരോരുത്തർക്കും എന്ത് ചെയ്യാൻ കഴിയുമെന്ന സന്ദേശമാണ് പീപ്ൾസ് ഫൗണ്ടേഷൻ നൽകുന്നത്. ഈ മാനവികചിന്ത മക്കളെ പഠിപ്പിക്കാൻ മാതാപിതാക്കൾ സന്നദ്ധമാവണം. നന്മക്കുവേണ്ടി നിലകൊള്ളാനും തിന്മയെ തിരുത്താനുള്ള ശ്രമങ്ങളും എല്ലാവരിൽനിന്നും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
പീപ്ൾസ് ഫൗണ്ടേഷൻ നാടിന്റെ നിർമാണാത്മക ഇടപെടലിന്റെ ഭാഗമായി മാറിയെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. ഫൗണ്ടേഷൻ വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പുത്തുമലയിൽ വിവിധ സംഘടനകൾ ഏറ്റെടുത്ത വീടുകളിൽ ആദ്യം നിർമാണം പൂർത്തിയാക്കി മാതൃകയായത് പീപ്ൾസ് ഫൗണ്ടേഷനാ ണെന്നും എം.എൽ.എ പറഞ്ഞു. പ്രളയവും മഹാപ്രളയവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കുന്നതിൽ പീപ്ൾസ് ഫൗണ്ടേഷൻ വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് പദ്ധതികളുടെ ഹ്രസ്വ വിഡിയോ പ്രകാശനം നിർവഹിച്ച ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അഭിപ്രായപ്പെട്ടു. ചാരിറ്റി പ്രവർത്തനങ്ങൾ വലിയ വിവാദമാകുന്ന കാലത്ത് ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. ഫൗണ്ടേഷന്റെ കൂടുതൽ പദ്ധതികൾ വയനാടിന് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഗമത്തിൽ പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മണിക്കുട്ടി എസ്.പിള്ളൈ, പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. വയനാട് ജില്ലയിലെ മികച്ച വനിത സംരംഭകക്കുള്ള അവാർഡ് നേടിയ സിന്ധു അരിമുളയെ ആദരിച്ചു. മർവാൻ ഉള്ളേടത്ത് (ടച്ചു ചാരിറ്റബ്ൾ ട്രസ്റ്റ്), കെ. അബ്ദുൽ ജലീൽ, ആബിദലി ബത്തേരി, യൂസഫ് മേപ്പാടി, നവാസ് പൈങ്ങോട്ടായി, മുഹമ്മദ് കലവറ, എം.പി. അബൂബക്കർ, വി. മുഹമ്മദ് ശെരീഫ് എന്നിവർ സംബന്ധിച്ചു. ലിയാ നൗറിൻ, എൻ.കെ. നജ്മ, എ. മർവ എന്നിവർ പ്രാർഥനഗാനം ആലപിച്ചു. പീപ്ൾസ് ഫൗണ്ടേഷൻ ജില്ല രക്ഷാധികാരി ടി.പി. യൂനുസ് സ്വാഗതവും സി.കെ. ഷമീർ നന്ദിയും പറഞ്ഞു.
മീഡിയവൺ പതിനാലാം രാവ് കലാപ്രതിഭകളും പീപ്ൾസ് വില്ലേജിലെ വിദ്യാർഥികളും അണിനിരന്ന ഗാനമേള, മലർവാടി ബാല സമ്മേളനം, ഭിന്നശേഷിക്കാരുടെയും പീപ്ൾസ് സ്റ്റാർട്ടപ്പ്, പീപ്ൾസ് ഫൗണ്ടേഷൻ കമ്യൂണിറ്റി എംപവർമെന്‍റ് പദ്ധതികളിലെ ഉൽപന്നങ്ങളുടെ വിപണന മേളയും കുടുംബ സംഗമത്തിന്‍റെ ഭാഗമായി നടന്നു. പിന്നാക്ക ജനവിഭാഗങ്ങളുടെയും പ്രദേശങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി 2012ൽ നിലവിൽ വന്ന ജനസേവന കൂട്ടായ്മയാണ് പീപ്ൾസ് ഫൗണ്ടേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.