സാമൂഹികാധിഷ്ഠിത ദുരന്തനിവാരണ സംവിധാനം പ്രധാനം -മന്ത്രി
text_fieldsകൽപറ്റ: ദുരന്ത നിവാരണ മേഖലയില്‍ സാമൂഹികാധിഷ്ഠിത ദുരന്ത നിവാര സംവിധാനമാണ് യോജിച്ചതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജില്ലയിലെ പട്ടിക വര്‍ഗ കോളനികളെ ദുരന്ത പ്രതികരണ ക്ഷമതയുള്ള പട്ടികവര്‍ഗ കോളനികളായി പ്രഖ്യാപിക്കല്‍, സംസ്ഥാനത്തിനായുള്ള പട്ടികവര്‍ഗ ദുരന്ത നിവാരണ പദ്ധതിയുടെ സമാരംഭം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തെ വിശ്വാസത്തിലെടുത്ത് അവരുടെ ജീവിത സാഹചര്യങ്ങള്‍, സാംസ്കാരിക മൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകള്‍ ഉള്‍ക്കൊണ്ട് അവരില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന ആശയങ്ങളുടെ ആകത്തുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന ദുരന്തങ്ങളില്‍ അവ നേരിടാന്‍ പ്രാപ്തമായ പരിശീലനം ലഭിച്ച ജനതയെ സൃഷ്ടിക്കുന്നത് സര്‍ക്കാറിന്റെ ലക്ഷ്യമാണ്. ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തെ അണിനിരത്തി അവരെ പങ്കാളികളാക്കിയുള്ള പദ്ധതി ഏറെ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. ഒ.ആര് കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ രാഹുല്‍ ഗാന്ധി എം.പി യുടെ സന്ദേശം വായിച്ചു. ജില്ല ദുരന്ത നിവാരണ അതോറിറ്റിക്കുവേണ്ടി നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തയാറാക്കിയ വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും കോളജ് ദുരന്ത നിവാരണ ക്ലബിന്റെ ലോഗോ പ്രകാശനവും കെ.എസ്.ഡി.എം.എ മെംബര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് നിർവഹിച്ചു.
ദുരന്ത നിവാരണ അതോറിറ്റിയുടെ പദ്ധതിയായ ആപ്തമിത്ര കിറ്റ് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിർവഹിച്ചു. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ജില്ലതല ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാന ദാനം ജില്ല കലക്ടര്‍ ഡോ. രേണു രാജ് നിർവഹിച്ചു. ചടങ്ങില്‍ പട്ടികവര്‍ഗ ദുരന്ത നിവാരണ പദ്ധതിയുമായി സഹകരിച്ച പട്ടിക വര്‍ഗ വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, ഫയര്‍ ആൻഡ് റെസ്ക്യൂ സര്‍വിസസ്, എന്‍.ഡി ആര്.എഫ് എന്നിവര്‍ക്കുള്ള മെമന്റോ വിതരണം നടന്നു. എം.എല്‍.എ അഡ്വ. ടി. സിദ്ദീഖ്, സബ് കലക്ടര്‍ ആര്. ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ ഷാജു തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.