ലൈസൻസ് ലഭിച്ചിട്ടും റേഷൻകട നടത്താൻ അനുവദിക്കുന്നില്ലെന്ന് പരാതി
text_fieldsകൽപറ്റ: സുൽത്താൻ ബത്തേരി താലൂക്കിലെ വാളവയലിൽ റേഷൻ കടക്ക് പുതിയ ലൈസൻസ് ലഭിച്ചിട്ടും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി. മാനസിക രോഗിയായ മകനുള്ള വിധവയായ തന്നെ ഒരുകൂട്ടം ആളുകൾ ഒറ്റപ്പെടുത്തുകയാണെന്നും വാളവയൽ സ്വദേശിനിയായ ജി.എസ്. ഷീജാകുമാരി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സർക്കാർ പുതിയ റേഷൻ കടക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ പലരും അപേക്ഷ സമർപ്പിക്കുകയും അവസാന പട്ടികയിൽ രണ്ട് പേർ ഉൾപ്പെടുകയും ചെയ്തു. പ്രായപരിധിയുടെ മാനദണ്ഡത്തിലാണ് തനിക്ക് എ.ആർ.ഡി. 109-ാം നമ്പർ കടക്ക് ലൈസൻസ് ലഭിച്ചത്. പുതിയ കടക്കായി പഴയ കടയുടെ സമീപത്ത് 120,000 രൂപ മുടക്കി കെട്ടിടം നവീകരിച്ചു.
മക്കളിൽ ഒരാൾ അഞ്ച് വർഷമായി കണ്ണൂരിൽ ചികിത്സയിലാണ്. മകന്റെ ചികിത്സാർത്ഥം നാട്ടിൽനിന്ന് താനും കുടുംബവും മാറിനിന്നിരുന്നു. ഇത് മുതലാക്കി ഈ നാട്ടുകാരിയല്ലെന്ന് ആരോപിച്ചാണ് ഒരുകൂട്ടം ആളുകൾ തനിക്കെതിരെ തിരിഞ്ഞത്.
പൊലീസും ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തി പുതിയ സ്ഥലത്ത് കട ആരംഭിക്കാൻ നിർദേശം നൽകിയെങ്കിലും സാധിച്ചില്ല. നിസ്സഹായവസ്ഥയിലായ താനിപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്നും കട തുടങ്ങാൻ അധികൃതർ സഹായിക്കണമെന്നും ഷീജാകുമാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.