ട്രാവല്‍ ഏജന്‍സി വിനോദസഞ്ചാരികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി
text_fieldsകൽപറ്റ: ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ വിനോദസഞ്ചാരികളില്‍നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. ബ്ലുവേവ്സ് ഹോളിഡെയ്സ്, സലീം ബിൽഡിങ്, കോഴിക്കോട് എന്ന വിലാസത്തിൽ ട്രാവൽ ഏജൻസി നടത്തുന്ന ഉടമ വി.കെ. പ്രേംദാസാണ് വിനോദയാത്രക്കിടെ പണം തട്ടിയതെന്ന് വയനാട് സ്വദേശികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇവർ ഉൾപ്പെടെയുള്ള 60 പേരടങ്ങുന്ന സംഘത്തിനാണ് വിനോദയാത്ര സംഘടിപ്പിച്ചത്.
കോഴിക്കോട്, വയനാട് ജില്ലകളിൽനിന്ന് 40 പേരും മറ്റു ജില്ലകളില്‍ നിന്ന് 20 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. ആഗസ്റ്റ് 15 മുതൽ 25 വരെ കശ്മീര്‍, കാര്‍ഗില്‍, ലേ, ലഡാക്ക്, ന്യൂബ്രാ വാലി എന്നിവിടങ്ങളിലേക്കായിരുന്നു വിനോദയാത്ര. ഒരാളിൽനിന്ന് 35,000 രൂപയാണ് ഇൗടാക്കിയത്. 15ന് യാത്ര തുടങ്ങിയ സംഘം വിവിധ സ്ഥലങ്ങളിലെ സന്ദർശനങ്ങൾക്കു ശേഷം 22ന് ലേയിലെ ഹോട്ടലിലെത്തി. 23ന് രാവിലെ ആറിന് ശ്രീനഗറിലേക്കുള്ള യാത്ര ആരംഭിക്കുമെന്നും ട്രാവൽ ഏജൻസി ഉടമ അറിയിച്ചു. ഇതനുസരിച്ച് യാത്രക്കായി സംഘാംഗങ്ങൾ എത്തി. എന്നാൽ, ഹോട്ടലിൽ പണം അടക്കാനുണ്ടെന്നും ഇതു നൽകിയാൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു. 6,82,000 രൂപയാണ് ഇവർക്ക് നൽകേണ്ടത്. എന്നാൽ, ട്രാവൽ ഏജൻസി ഉടമ 2,89,000 രൂപ മാത്രമാണ് അടച്ചത്.
പ്രശ്നം വഷളാകുമെന്നു കണ്ടതോടെ സംഘാംഗങ്ങൾ പിരിവെടുത്ത് അടക്കാനുള്ള തുക ഹോട്ടൽ അധികൃതർക്കു കൈമാറി. സെപ്റ്റംബർ അഞ്ചിന് തുക തിരിച്ചുനൽകാമെന്നായിരുന്നു ട്രാവൽ ഏജൻസി ഉടമ അറിയിച്ചിരുന്നത്. എന്നാൽ, ഇതുവരെയായിട്ടും തുക തിരിച്ചുനൽകിയിട്ടില്ല. താമരശ്ശേരി പൊലീസിൽ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ, കഴിഞ്ഞ 22ന് പണം തിരിച്ചുനൽകാമെന്ന് ഉടമ അറിയിച്ചിരുന്നു. എന്നാൽ, പണം ലഭിച്ചിട്ടില്ല. ഇയാളുടെ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പുൽപള്ളി പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ടെന്ന് ജോസ് എം. കുര്യന്, കെ.എസ്. ജെയിംസ്, കെ.വി. കേളു, പി.ജെ. സെബാസ്റ്റ്യന്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.