അനധികൃതമായി ക്വാർട്ടേഴ്സ് അനുവദിക്കുന്നെന്ന് പരാതി; മനുഷ്യാവകാശ കമീഷൻ നോട്ടീസിന് മറുപടിയില്ല
text_fieldsവിശദീകരണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷൻ അയച്ച നോട്ടീസ്
കൽപറ്റ: സർക്കാർ സർവിസിലുള്ളവർക്ക് അനധികൃതമായി ക്വാർട്ടേഴ്സുകൾ അനുവദിക്കുന്നെന്ന പരാതിയിൽ മൂന്നു വർഷമായിട്ടും നടപടിയില്ല. ഇതുസംബന്ധിച്ച് മൂന്നുവർഷം മുമ്പ് മനുഷ്യാവകാശ കമീഷന് അധ്യാപിക നൽകിയ പരാതിയിൽ കമീഷൻ അയച്ച നോട്ടീസിന് ഇതുവരെയും ബന്ധപ്പെട്ടവർ മറുപടി നൽകാത്തതിനെ തുടർന്ന് വിശദീകരണം ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയച്ചു.
ജില്ലയിൽ നിരവധി സർക്കാർ ജീവനക്കാർ ഭരണ- ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് അനധികൃതമായി സർക്കാർ ക്വാർട്ടേഴ്സുകൾ കൈവശംവെക്കുന്നുവെന്ന പരാതി വ്യാപകമായിട്ടുണ്ട്. ഇതിനെതിരെ 2021ൽ സർക്കാർ ജീവനക്കാരി മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിൽ മറുപടി നൽകുന്നതിനായി കമീഷൻ 2021 ഡിസംബർ 16ന് കലക്ടർക്ക് നോട്ടീസ് അയച്ചിരുന്നു.
എന്നാൽ, മൂന്നുവർഷമായിട്ടും ഇതുസംബന്ധിച്ച് മറുപടി നൽകാത്തതിനെ തുടർന്നാണ് ഈ മാസം മനുഷ്യാവകാശ കമീഷൻ വീണ്ടും നോട്ടീസ് അയച്ചത്. ജനുവരിയിൽ നടക്കുന്ന സിറ്റിങ്ങിന് ഹാജരായി വിശദീകരണം നൽകാൻ ജില്ല കലക്ടർക്ക് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിൽ നിരവധി സർക്കാർ ക്വാർട്ടേഴ്സുകളുണ്ട്.
സർക്കാർ ജീവനക്കാരിൽ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇതര ജില്ലകളിലുള്ളവർക്കും സ്ത്രീകൾക്കും മുൻഗണന നൽകി മാനദണ്ഡപ്രകാരം ക്വാർട്ടേഴ്സുകൾ അനുവദിക്കണമെന്നാണ് ചട്ടം.
എന്നാൽ നിലവിൽ ജില്ലയിൽ സ്വന്തമായി വീടുള്ളവർതന്നെ ക്വാർട്ടേഴ്സുകൾ കൈവശം വെക്കുകയാണ് എന്നാണ് ആരോപണം. നേരത്തേ വീടില്ലാതിരുന്നപ്പോൾ അനുവദിച്ച ക്വാർട്ടേഴ്സിൽ താമസിച്ചവർ വീട് നിർമിച്ചിട്ടും അതേ ക്വാട്ടേഴ്സുകളിൽ തുടരുന്നുണ്ട്.
20 കി.മീ പരിധിക്കുള്ളിൽ സ്വന്തമായി വീടുള്ളവർ ക്വാർട്ടേഴ്സിന് അർഹരല്ലെങ്കിലും നിരവധിപേർ ഇത്തരത്തിൽ താമസിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് 2021ൽ ചില ജീവനക്കാർ പരാതി നൽകിയെങ്കിലും അന്വേഷണം നടത്തുകയല്ലാതെ തുടർ നടപടി ഉണ്ടായില്ല.
ജില്ലയുടെ പുറത്തുനിന്നെത്തിയ സർക്കാർ ജീവനക്കാർക്ക് ക്വാർട്ടേഴ്സുകൾ അനുവദിക്കാതെ ഉന്നത സ്വാധീനം ഉപയോഗിച്ച് ഓഫിസിന് അടുത്തുതന്നെ വീടുള്ള ജീവനക്കാർക്ക് ക്വാർട്ടേഴ്സ് അനുവദിക്കുന്നെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് 2021ലാണ് അധ്യാപിക മനുഷ്യാവകാശ കമീഷന് പരാതി നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.