കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ കവർന്നതായി പരാതി
text_fieldsകല്പറ്റ: കല്പറ്റ പഴയ ബസ് സ്റ്റാൻഡിൽനിന്ന് യുവാവിനെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ കവര്‍ന്നതായി പരാതി. കൊടുവള്ളി സ്വദേശിയായ അബൂബക്കറിനെ തട്ടിക്കൊണ്ടുപോയി പണം കവർന്നെന്നാണ് പരാതി.
അബൂബക്കറിന്റെ പരാതിയിൽ കൽപറ്റ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. കൊടുവള്ളിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കൽപറ്റ ബസ് സ്റ്റാൻഡിലിറങ്ങിയ ഉടനെ ബസിലുണ്ടായിരുന്ന ഒരാളും ഇന്നോവ കാറിലെത്തിയ മൂന്നുപേരും ചേർന്ന് പിടിച്ചു കൊണ്ടുപോവുകയായിരുന്നെന്നാണ് അബൂബക്കർ പരാതിയിൽ പറയുന്നത്.
തുടർന്ന് തന്റെ കൈവശമുണ്ടായിരുന്ന നാലു ലക്ഷത്തോളം രൂപ തട്ടിയെടുത്തശേഷം വെങ്ങപ്പള്ളിയിൽ ഇറക്കിവിടുകയായിരുന്നു. പണം തട്ടിയെടുത്തെന്ന് പറയപ്പെടുന്ന സംഘം സഞ്ചരിച്ച ഇന്നോവ കാർ മാനന്തവാടി ഗവ. ഹൈസ്കൂളിന് സമീപം അപകടത്തിൽപെട്ടു.
അമിതവേഗത്തിൽ കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനും എതിരെനിന്നു വരുകയായിരുന്ന ക്രെയിനിനും ഇടയിൽപെടുകയായിരുന്നു. അപകടം നടന്നയുടൻ കാറിലുണ്ടായിരുന്ന നാലംഗ സംഘം ഇറങ്ങിയോടിയതായി നാട്ടുകാർ പറഞ്ഞു.
അബൂബക്കർ കൽപറ്റയിൽ ഇറങ്ങിയ ബസിൽ തന്നെയാണ് കാറിടിച്ചത്. വിരലടയാള വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ അപകടസ്ഥലത്തെത്തി വാഹനം വിശദമായി പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.