വയനാടിെൻറ സമഗ്രവികസനം: കര്‍മപദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും –രാഹുല്‍ ഗാന്ധി
text_fieldsകൽപറ്റ: വയനാടിെൻറ സമഗ്രവികസനത്തിന് സഹായകരമായ സമഗ്രവികസന കര്‍മപദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി എം.പി. വിവിധ കാലയളവില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ പദ്ധതികള്‍ തയാറാക്കി സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്താനായി കലക്ടറേറ്റിൽ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.
ചുരുങ്ങിയ കാലയളവില്‍ പൂര്‍ത്തീകരിക്കുന്നവ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുന്നവ എന്നീ അടിസ്ഥാനത്തിലായിരിക്കണം പദ്ധതി സമര്‍പ്പിക്കേണ്ടത്. വയനാടിെൻറ സമഗ്ര വികസനം ഉറപ്പാക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്കി. ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ക്ക് പുറമെ കൂടുതല്‍ സി.എസ്.ആര് ഫണ്ടുകളും കണ്ടെത്തും. ഇവ ഉപയോഗപ്പെടുത്തി ജില്ലയില്‍ കൂടുതല്‍ സ്മാര്‍ട്ട് അംഗൻവാടികളുടെ നിര്‍മാണവും സ്കൂള്‍-ആരോഗ്യ സ്ഥാപനങ്ങളുടെ ആസ്തി വികസനവും സാധ്യമാക്കുമെന്ന് രാഹുല്‍ഗാന്ധി എം.പി പറഞ്ഞു.
ജലജീവന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്കി. മുഴുവന്‍ ആദിവാസി കോളനികളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കണം. പദ്ധതിയില്‍ ഇതുവരെ 5954 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നതിനായി 758 ലക്ഷം രൂപ ചെലവഴിച്ചതായി യോഗം വിലയിരുത്തി. 2024 ഓടെ 1,34,456 കണക്ഷനുകള്‍ കൂടി നല്കി മുഴുവന്‍ ഗ്രാമപഞ്ചായത്തിലും കുടിവെള്ളം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ഇക്കാര്യത്തില്‍ കൃത്യമായ മോണിറ്ററിങ് നടത്താനും എം.പി നിര്‍ദേശിച്ചു.
പി.എം.ജി.എസ്.വൈ, സെന്‍ട്രല്‍ റോഡ് ഫണ്ട് എന്നീ പദ്ധതികളില്‍ നിലവില്‍ ലഭിക്കുന്ന റോഡ് വിഹിതം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും രാഹുൽ പറഞ്ഞു.
യോഗത്തില്‍ കെ.സി. വേണുഗോപാല്‍ എം.പി, എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്, അഡ്വ. ടി. സിദ്ദീഖ്, കലക്ടര്‍ ഡോ. അദീല അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.