മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ സമഗ്ര പദ്ധതി
text_fieldsകൽപറ്റ: ജില്ലയിലെ മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് സമഗ്ര പദ്ധതി നടപ്പാക്കുന്നതിന് ജില്ല ആസൂത്രണ സമിതി യോഗം. പദ്ധതിയുടെ അഞ്ചു ശതമാനം മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്ത് പദ്ധതി ആവിഷ്കരിക്കും. വനംവകുപ്പ് തയാറാക്കിയ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുമായി ചർച്ചകൾ നടത്തി ആവശ്യമുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തി സമഗ്ര പദ്ധതി തയാറാക്കി നബാർഡിന്റെ സഹായത്തോടെ നടപ്പാക്കും.
വന്യമൃഗശല്യം പരിഹരിക്കുന്നതിനായി സോളാർ ഫെൻസിങ്, കന്മതിൽ, ക്രാഷ് ഗാർഡ്, നിരീക്ഷണ കാമറകൾ, വനവത്കരണം തുടങ്ങിയവ നടത്താനാണ് ഉദ്ദേശിക്കുന്നത്. മൂന്നു നിയോജക മണ്ഡലങ്ങളിലായി ഡി.എഫ്.ഒമാരെയും വൈൽഡ് ലൈഫ് വാർഡനെയും ചുമതലപ്പെടുത്തും. പദ്ധതിക്കായി ജില്ല ആസൂത്രണ സമിതിയും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരും ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
കേരളത്തിൽ തന്നെ വന്യമൃഗ ശല്യത്തിനെതിരെ ഇത്തരത്തിലുള്ള പദ്ധതി തയാറാക്കുന്ന ആദ്യത്തെ ജില്ലയാണ് വയനാട്. ജില്ലയിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിനായി ജനങ്ങളോടൊപ്പംനിന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമായി ഏറ്റെടുത്താണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതന്നെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വനംവകുപ്പ് തയാറാക്കിയ മാസ്റ്റർ പ്ലാനിന്റെ വിശദാംശങ്ങളുടെ അവതരണവും നടന്നു.
തീറ്റപ്പുൽ കൃഷി ചെയ്യുന്നതിന് നടപടി
ക്ഷീരകർഷകർക്ക് സ്വന്തംനിലക്ക് തീറ്റപ്പുൽ കൃഷി ചെയ്യുന്നതിന് നടീൽ വസ്തുക്കൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിലും തീറ്റപ്പുല്ല് നടീൽ എം.ജി.എൻ.ആർ.ഇ.ജി.എസിലും ഉൾപ്പെടുത്താവുന്നതിനെ സംബന്ധിച്ച് യോഗം വിലയിരുത്തി. അനുയോജ്യമായ പൊതുസ്ഥലങ്ങൾ കണ്ടെത്തി അവിടെയും തീറ്റപ്പുൽ കൃഷി ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കാം. ശുചിത്വ വയനാട് ലക്ഷ്യമാക്കി മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായുള്ള പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും പുരോഗതിയും യോഗം വിലയിരുത്തി.
ജില്ലയിലെ അംഗൻവാടികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. സ്വന്തമായി സ്ഥലമുള്ള അംഗൻവാടികൾക്ക് എം.ജി.എൻ.ആർ.ജി.ഇ.എസ്, വനിത ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ വിഹിതം ചേർത്ത് കെട്ടിടം നിർമിക്കാം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കലക്ടര്‍ ഡോ. രേണു രാജ്, ജില്ല പ്ലാനിങ് ഓഫിസര്‍ ആർ. മണിലാൽ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.