ഡബ്ല്യു.സി.എസ് പട്ടയ ഭൂമിയിലെ നിർമാണം: അനുമതിക്കുള്ള തുടർ നടപടി വൈകുന്നു
text_fieldsകല്പറ്റ: വയനാട് കോളനൈസേഷൻ സ്കീം (ഡബ്ല്യു.സി.എസ്) പട്ടയ ഭൂമികളില്‍ കെട്ടിട നിര്‍മാണത്തിന് വിലക്കില്ലെന്ന് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പ്രത്യേക സർക്കുലറിലൂടെ വ്യക്തമാക്കിയിട്ടും അനുമതി നല്‍കാനുള്ള തുടര്‍നടപടികള്‍ വൈകുന്നത് പ്രതിഷേധത്തിനിടയാക്കുന്നു.
ഇക്കഴിഞ്ഞ ഡിസംബർ ഒമ്പതിനാണ് ഇതുസംബന്ധിച്ച സർക്കുലർ സർക്കാർ പുറത്തിറക്കിയത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് അനുമതി നൽകുന്നതിനുള്ള നിർദേശം ജില്ല ഭരണകൂടം നൽകാൻ വൈകുന്നതായാണ് ആരോപണമുയരുന്നത്. ഇപ്പോഴും വിലക്ക് തുടരുന്നത് ജില്ലയിലെ ഭൂവുടമകളെ പ്രതിസന്ധിയിലാക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് 2021 ഡിംസബര്‍ 17ന് വയനാട് ജില്ല കലക്ടറുടെ കത്തിനുള്ള മറുപടിയിലാണിപ്പോൾ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡബ്ല്യു.സി.എസ് പട്ടയ ഭൂമികളില്‍ കെട്ടിടനിര്‍മാണത്തിന് വിലക്കില്ലെന്ന് വ്യക്തമാക്കിയത്. എന്നാല്‍, ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം ഇനിയും ലഭിച്ചിട്ടില്ല.
ഇതിനാൽ തന്നെ കെട്ടിട നിര്‍മാണ അനുമതി അപേക്ഷകളിൽ ഇപ്പോഴും പഞ്ചായത്തുകളിൽ ഫയലിലുറങ്ങുകയാണ്. ബന്ധപ്പെട്ട സെക്ഷനേയും ജില്ല ആസൂത്രണ സമിതിയെയും അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നിർദേശം അറിയിച്ചിട്ടുണ്ടെന്നാണ് ജില്ല കലക്ടർ വ്യക്തമാക്കുന്നത്. എന്നാൽ, അപ്പോഴും തദ്ദേശ സ്ഥാപന സെക്രട്ടിമാർക്ക് തുടർ നടപടി സ്വീകരിക്കുന്നതിനായി ദിവസങ്ങൾ കഴിഞ്ഞിട്ടും ഔദ്യോഗിക നിർദേശം ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
1943 ഡിസംബര്‍ 28ലെ 3324 പി.എച്ച് ഉത്തരവ് പ്രകാരം മദിരാശി സര്‍ക്കാര്‍ നടപ്പിലാക്കിയ വയനാട് കോളനൈസേഷന്‍ സ്കീം പ്രകാരം ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും അമ്പലവയല്‍, നെന്മേനി, നൂല്‍പ്പുഴ പഞ്ചായത്തുകളിലുമാണ് ഡബ്ല്യു.സി.എസ് പട്ടയ ഭൂമികളുള്ളത്.
അനുമതി നിഷേധവുമായി ബന്ധപ്പെട്ട ഭൂവുടമകളുടെ ഹരജികളില്‍ 2021 ജൂലൈയിലും 2022 ജൂണിലും ഹൈകോടതി ഉടമകള്‍ക്ക് അനുകൂലമായി വിധി പറഞ്ഞിരുന്നു. തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി നഗരസഭ ഡബ്ലു.സി.എസ് പട്ടയഭൂമികളില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിട നിര്‍മാണത്തിന് അനുമതി നല്കി തുടങ്ങിയെങ്കിലും അമ്പലവയല്‍, നൂല്‍പ്പുഴ, നെന്മേനി പഞ്ചായത്തുകളില്‍ നടപടികള്‍ വൈകുകയാണ്.
1960ലെ ഭൂപതിവ് നിയമപ്രകാരം കൃഷി ആവശ്യത്തിന് അനുവദിച്ച പട്ടയഭൂമികളില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിട നിര്‍മാണത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് തദ്ദേശ ഭരണ വകുപ്പ് മേധാവി ഇറക്കിയ സര്‍ക്കുലര്‍ ചൂണ്ടിക്കാണിച്ചാണ് നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാര്‍ അനുമതി നിഷേധിക്കുന്നത്.
കെട്ടിട നിര്‍മാണത്തിനുള്ള നൂറുകണക്കിന് അപേക്ഷകളാണ് വിവിധ പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്നത്. അഡീഷണല്‍ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് അടിയന്തരമായി നിർദേശം നൽകണമെന്നാണ് ഭൂഉടമകളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.